പ്രതിരോധ കോട്ട തീർത്ത് ബെനീറ്റസ്, ഹഡേയ്‌സ്ഫീൽഡിൽ ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡിന് ജയം. എവേ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഹഡേയ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. സോളമൻ റോണ്ടൻ ആണ് അവരുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 16 പോയിന്റുള്ള ബെനീറ്റസിന്റെ ടീം ലീഗിൽ 14 ആം സ്ഥാനത്താണ്. 10 പോയിന്റ് മാത്രമുള്ള ഹഡേയ്‌സ്ഫീൽഡ് 18 ആം സ്ഥാനത്താണ്.

മത്സരത്തിന്റെ മൃഗീയ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ചെങ്കിലും ഹഡേയ്‌സ്ഫീൽഡിന് ന്യൂ കാസിൽ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. 73 ശതമാനവും പന്ത് ഹഡേയ്‌സ്ഫീൽഡിന്റെ കൈവശമായിരുന്നു. തീർത്തും പ്രതിരോധത്തിൽ ഊന്നി പിൻവലിഞ്ഞു കളിച്ച ന്യൂ കാസിൽ പ്രതിരോധം തകർത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ ഹഡേയ്‌സ്ഫീൽഡ് പാട് പെട്ടപ്പോൾ മികച്ച കൗണ്ടർ അറ്റാകുകളായിരുന്നു ന്യൂ കാസിലിന്റെ തന്ത്രം.

രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോളാണ് ബെനീറ്റസിന്റെ ടീമിന്റെ ഗോൾ എത്തിയത്. റോണ്ടൻ ഗോൾ നേടിയതോടെ ന്യൂ കാസിൽ പ്രതിരോധം ഉറച്ചു നിന്നതോടെ കാര്യങ്ങൾ അവർക്ക് അനുകൂലമായി. രണ്ടാം പകുതിയിൽ കേവലം 23 ശതമാനം മാത്രം പന്ത് കൈവശം വെച്ച ന്യൂ കാസിലിന് പക്ഷെ എതിരാളികളെക്കാൾ അവസരങ്ങൾ സൃഷ്ടിക്കാനായി.