പിതാവ് മരിച്ച വാര്‍ത്തയെത്തി മണിക്കൂറിനുള്ളില്‍ ബെല്‍ജിയത്തിനു വേണ്ടി ഗോളുമായി താരം

ഇംഗ്ലണ്ടിനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞപ്പോള്‍ ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടി സൈമണ്‍ ഗൗഗ്നാര്‍ഡ് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി. താന്‍ നേടിയ ഗോള്‍ തന്നെ വിട്ട് പോയ തന്റെ പിതാവിനാണ് താരം സമര്‍പ്പിച്ചത്. ഈ നിലയില്‍ നിലകൊള്ളുകയായിരുന്നു സൈമണിനെ ടീമംഗങ്ങള്‍ ആശ്ലേഷിച്ച് അല്പ നേരം കഴിഞ്ഞ് ടീമംഗങ്ങള്‍ വീണ്ടും ഗോള്‍ വേട്ടയ്ക്കായി മടങ്ങുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് തന്റെ പിതാവിന്റെ മരണവാര്‍ത്ത 27 വയസ്സുകാരന്‍ താരം അറിയുന്നത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായിരുന്ന പിതാവ് പിയറിയുടെ വിയോഗത്തില്‍ താരം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് സൈമണിന്റെ റൂം മേറ്റും ടീമിന്റെ ഒന്നാം ഗോള്‍ നേടിയ താരവുമായ ടോം ബൂണ്‍ പറഞ്ഞത്.

മത്സരത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചെത്തിയാണ് ബെല്‍ജിയം താരങ്ങള്‍ സഹതാരത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ പ്രണാമം അര്‍പ്പിച്ചത്. തങ്ങള്‍ വര്‍ഷങ്ങളോളം കളിച്ചു വരുന്ന സംഘമാണെന്നും ഒരു കുടുംബം പോലെയാണ് ബെല്‍ജിയം ടീമെന്നുമാണ് അവര്‍ പറയുന്നത്.

ദുഃഖിതനാണെങ്കിലും ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് തന്റെ പിതാവിനൊപ്പം ഏറെ സമയം ചെലവഴിക്കാനായതിന്റെ സമാധാനത്തിലാണ് സൈമണ്‍. ഫൈനലില്‍ കടന്നുവെങ്കിലും സഹതാരത്തിന്റെ വിയോഗത്തില്‍ ടീം ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് നേടി സൈമണിന്റെ പിതാവിനു ആദരം അര്‍പ്പിക്കുവാന്‍ ആകട്ടെയെന്നാണ് ടീമിലെ സര്‍വ്വ താരങ്ങളുടെയും പ്രാര്‍ത്ഥന.