അമേരിക്കൻ ഗ്രൂപ്പ് ഫ്രയിഡ്കിൻ എവർട്ടൺ ഉടമകൾ ആവും

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ ഉടമകൾ ആവാൻ ഡാൻ ഫ്രയിഡ്കിൻ ഉടമയായഅമേരിക്കൻ ബിസിനസ് ഗ്രൂപ്പ് ഫ്രയിഡ്കിൻ രംഗത്ത്. ഇവരുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന കാര്യം എവർട്ടൺ സ്ഥിരീകരിച്ചു. നിലവിലെ ഉടമയായ ബ്രിട്ടീഷ്, ഇറാനിയൻ ബിസിനസുകാർ ഫർഹാദ് മോഷിരിയുടെ മുഴുവൻ ഓഹരിയായ 94.1% ശതമാനവും ഫ്രയിഡ്കിൻ ഗ്രൂപ്പ് സ്വന്തമാക്കും. നേരത്തെ മറ്റൊരു അമേരിക്കൻ ഗ്രൂപ്പ് ആയ 777 പാർട്ടണേഴ്‌സും ആയി എവർട്ടൺ ധാരണയിൽ എത്തിയെങ്കിലും ഡെഡ് ലൈൻ ആയ മെയ് 31 നു മുമ്പ് ഈ കരാറിന് പ്രീമിയർ ലീഗിൽ നിന്നു അംഗീകാരം എടുക്കാൻ എവർട്ടണിനു ആയിരുന്നില്ല.

എവർട്ടൺ

അതിനു ശേഷമാണ് ക്ലബിനു വീണ്ടും പുതിയ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ എവർട്ടൺ ഉടമകൾ തുടങ്ങിയത്. ഇറ്റാലിയൻ സീരി എ ക്ലബ് എ.എസ് റോമയിലും ഫ്രഞ്ച് നാലാം ഡിവിഷൻ ക്ലബ് കാൻസിലും ഫ്രയിഡ്കിൻ ഗ്രൂപ്പിന് ഉടമസ്ഥതയുണ്ട്. നിലവിൽ പ്രീമിയർ ലീഗും ഫുട്‌ബോൾ അസോസിയേഷനും ബ്രിട്ടീഷ് ഫിനാൻഷ്യൽ അതോറിറ്റിയും അംഗീകാരം നൽകിയാൽ എവർട്ടണിനു പുതിയ ഉടമകൾ ആവും. മുൻ ആഴ്‌സണൽ സഹ ഉടമ ആയിരുന്ന ഫർഹാദ് മോഷിരിക്ക് കീഴിലുള്ള 8 വർഷത്തിൽ എവർട്ടൺ നിരവധി തരംതാഴ്ത്തൽ ഭീക്ഷണികളും പി.എസ്.ആർ നിയമ ലംഘനം മൂലം 2 തവണ പോയിന്റ് കുറക്കലും നേരിട്ടിരുന്നു. 2025/2026 സീസണിൽ പുതിയ സ്റ്റേഡിയത്തിലേക്ക് മാറാൻ ഒരുങ്ങുന്ന എവർട്ടൺ പുതിയ ഉടമകൾക്ക് കീഴിൽ വലിയ സ്വപ്നങ്ങൾ തന്നെയാവും കാണുക.