ടോപ്പ് 4 ലേക്ക് ചെൽസിയുടെ അടുത്തേക്ക് ചെല്ലാനുള്ള മറ്റൊരു അവസരം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തുലച്ചു. ഇത്തവണ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ ബേൺലിയോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റാണ് യുണൈറ്റഡ് കളം വിട്ടത്. ഇതോടെ അഞ്ചാം സ്ഥാനത്ത് ഉള്ള അവർ നാലാം സ്ഥാനത്തുള്ള ചെൽസിയുടെ 6 പോയിന്റ് പിറകിലായി. ഇന്നത്തെ തോൽവിയോടെ യുണൈറ്റഡ് പരിശീലകൻ സോൾശ്യാറിന്റെ കാര്യം കൂടുതൽ പരുങ്ങലിൽ ആകും.
ടീം സെലക്ഷൻ മുതൽ യുണൈറ്റഡിന് തൊട്ടത് എല്ലാം ഇന്ന് പിഴച്ചതോടെ ബേൺലിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ആദ്യ പകുതിയിൽ ക്രിസ് വുഡ് നേടിയ ഗോളിൽ ലീഡ് എടുത്ത ബേൺലിയോട് രണ്ടാം പകുതിയിൽ ഒപ്പം എത്താൻ പോലും അവർക്ക് സാധിച്ചില്ല. ഇത്ര കാലം ആക്രമണം നയിച്ച റാഷ്ഫോഡിന്റെ അഭാവത്തിൽ യുണൈറ്റഡ് ആക്രമണ നിരയിൽ മർഷിയാൽ അടക്കമുള്ള എല്ലാവരും വൻ പരാജയമായി. രണ്ടാം പകുതിയിൽ 56 ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ ജേ റോഡ്രിഗസ് വീണ്ടും വല കുലുക്കിയതോടെ യുണൈറ്റഡ് പിന്നീട് തോൽവി സമ്മതിച്ച പോലെയാണ് കളിച്ചത്. അര മണിക്കൂറിൽ അധികം സമയം വീണ്ടും ബാക്കി ഉണ്ടായിരുന്നിട്ടും ബേൺലി ഗോൾ മുഖത്ത് കാര്യമായ മുന്നേറ്റങൾ നടത്താൻ പോലും യുണൈറ്റഡിന് സാധിച്ചില്ല.