ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ലിവർപൂളിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ലീഡുകൾ മാറിമറഞ്ഞ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്.. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിർണായക ഫലം ആണിത്. ലിവർപൂൾ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
ഇന്ന് ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ലിവർപൂളിന് ലഭിച്ചത്. തീർത്തും ലിവർപൂളിന്റെ ആധിപത്യം ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച് കൂടുതൽ ഗോളടിക്കാൻ കഴിയാതിരുന്നതാണ് ലിവർപൂളിന് തിരിച്ചടിയായത്. കളിയുടെ 24ആം മിനിട്ടിൽ ലൂയിസ് ഡിയസ് ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. നൂനിയസിന്റെ അസിസ്റ്റിൽ നിന്ന് ആയിരുന്നു ഈ ഗോൾ.
ആദ്യ പകുതിയിൽ 10ൽ അധികം ഷോട്ടുകൾ ലിവർപൂൾ മാഞ്ചസ്റ്റർ ഗോൾവലക്ക് നേരെ തൊടുത്തു. എന്നാൽ മോശം ഫിനിഷിങ്ങും ഒപ്പം ഒനാനയുടെ മികച്ച ഗോൾ കീപ്പിംഗും തടസ്സമായി നിന്നു.
രണ്ടാം പകുതിയിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ലിവർപൂൾ ഡിഫൻസീവ് മിസ്റ്റേക്ക് മുതലാക്കി സമനില എടുത്തു. മത്സരത്തിന്റെ അമ്പതാം മിനിറ്റിൽ ബ്രൂണോ ആണ് ഒരു ലോങ്ങ് റൈഞ്ച് ഷോട്ടിലൂടെ ഗോൾ നേടിയത്. ഈ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസവും ഊർജ്ജവും നൽകി. അവർ അതിനുശേഷം കളിയിലേക്ക് തിരിച്ചു വന്നു.
67ആം മിനിറ്റിൽ മാഞ്ചസ്റ്റർ യുവതാരം കോബി മൈനുവിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. മനോഹരമായ ഒരു സ്ട്രൈക്കളുടെ ആയിരുന്നു മൈനൂ ലീഡ് നൽകിയത്. വാൻ ബിസാകയിൽ നിന്ന് പാസ് സ്വീകരിച്ച മൈനു പെനാൽറ്റി ബോക്സിൽ നിന്ന് ഒരു മികച്ച ടേണും ഒപ്പം ഒരു കേർവിങ് ഷോട്ടും തൊടുത്ത് പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. സ്കോർ 2-1
മാഞ്ചസ്റ്റർ ലീഡ് നേടിയതിനു ശേഷം ഡിഫൻസിലേക്ക് ഊന്നി കളിച്ചു. ഇത് ലിവർപൂളിന് നിരവധി അവസരങ്ങൾ സമനില നേടാൻ നൽകി. 84ആം മിനുട്ടിൽ വാൻ ബിസാകയുടെ ഒരു ഫൗൾ ലിവർപൂളിന് പെനാൾട്ടി നൽകി. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സലാ ലിവർപൂളിനെ ഒപ്പം എത്തിച്ചു. സ്കോർ 2-2. ഇരു ടീമുകളും ഇതിനു ശേഷം വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഗോൾ വന്നില്ല.
ഈ സമനിലയോടെ ലിവർപൂൾ 71 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. ഒന്നാമതുള്ള ആഴ്സണലിനും 71 പോയിന്റാണ് ഉള്ളത്. പക്ഷെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 49 പോയിന്റുമായി ആറാമത് നിൽക്കുന്നു. ഇനി 7 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കി.