വിജയമില്ലാത്ത തുടർച്ചയായ മൂന്ന് മത്സരങ്ങൾക്ക് ശേഷം ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ എത്തി. ഇന്ന് ലണ്ടൺ ഡാർബിയിൽ ഫുൾഹാമിനെ തോൽപ്പിച്ച് കൊണ്ടാണ് ചെൽസി മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. ഒട്ടും എളുപ്പമായിരുന്നില്ല ചെൽസിക്ക് കാര്യങ്ങൾ. പത്തു പേരുമായി പകുതിയിൽ അധികം സമയം കളിച്ച ഫുൾഹാമിനെ വെറും ഒരു ഗോളിന് മാത്രമാണ് ചെൽസി തോൽപ്പിച്ചത്.
ആദ്യ പകുതിയുടെ തുടക്കത്തിൽ നന്നായി കളിച്ചു എങ്കിലും പിന്നീട് ചെൽസി പിറകോട്ടു പോകുന്നതാണ് കാണാൻ ആയത്. ഫുൾഹാം കളിയിൽ ആധിപത്യം സ്ഥാപിച്ചു വരുന്ന സമയത്താണ് ചുവപ്പ് കാർഡ് വന്നത്. 44ആം മിനുട്ടിൽ റോബിൻസൺ ആണ് ഫുൾഹാം നിരയിൽ നിന്ന് ചുവപ്പ് വാങ്ങി പോയത്. രണ്ടാം പകുതിയിൽ ചെൽസി ഫുൾ അറ്റാക്കിലേക്ക് തിരിഞ്ഞു എങ്കിലും ഫലം ഉണ്ടായില്ല. അവസാനം 78ആം മിനുട്ടിൽ മൗണ്ട് ആണ് ഒരു ഗോളുമായി ചെൽസിയുടെ രക്ഷകനായത്. ഈ വിജയത്തോടെ ചെൽസി 29 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് എത്തി