ഇംഗ്ലീഷ് റഫറി ആയ മൈക് ഡീൻ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് ഓൺലൈൻ ആയി വധ ഭീഷണി അടക്കം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് തൽക്കാലം വിട്ടു നിൽക്കാൻ തീരുമാനിച്ചത്. അവസാന രണ്ടു മത്സരങ്ങളിലായി രണ്ട് വിവാദ തീരുമാനങ്ങൾ മൈക് ഡീൻ എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാം താരം സൗചകിനു നൽകിയ ചുവപ്പ് കാർഡും, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ സൗതാമ്പ്ടൺ താരം ബെഡ്നാർകിനു നൽകിയ ചുവപ്പ് കാർഡും ആണ് വിവാദമായിരുന്നത്.
രണ്ട് ചുവപ്പ് കാർഡും തെറ്റാണെന്ന് കണ്ടെത്തിയതിനാൽ ചുവപ്പ് കാർഡുകൾ മത്സര ശേഷം റദ്ദാക്കിയിരുന്നു. ഈ തീരുമാനങ്ങൾക്ക് ശേഷമാണ് മൈക് ഡീനിനെതിരെ ഓൺലൈനായി വ്യക്തിഹത്യ നടന്നത്. ഒപ്പം അദ്ദേഹത്തിനും കുടുംബത്തിനും അടക്കം വധ ഭീഷണിയും ലഭിച്ചു. എഫ് എ കപ്പിൽ ലെസ്റ്ററും ബ്രൈറ്റണും തമ്മിലുള്ള മത്സരം നിയന്ത്രിക്കും എങ്കിലും ഈ വാരാന്ത്യത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് താനില്ല എന്ന് ഡീൻ പറഞ്ഞു.