മാർകസ് റഷ്ഫോർഡ് മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിനെ പുകഴ്ത്തി എറിക് ടെൻ ഹാഗ്. താരത്തിന്റെ സ്ഥാനത്ത് കളിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്ഫോർഡ് എന്ന് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു. “പ്രതിരോധ നിരക്ക് പിറകിലായി നിൽക്കുന്നതാണ് താരത്തിന്റെ ശൈലി, അവിടെ റഷ്ഫഫോർഡിനേക്കാൾ മികച്ച താരങ്ങൾ ഇല്ല. അതേ സ്ഥാനത്തു തന്നെയാണ് എമ്പാപ്പെയും കളിക്കാറുള്ളത്, എന്നാൽ റഷ്ഫോർഡ് അവിടെ എത്തിയാൽ തടയുന്നത് വളരെ ബിദ്ധിമുട്ടുള്ള കാര്യമാണ്. ആ പൊസിഷൻ വിട്ടു മാറിയാൽ പോലും താരം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്.” അദ്ദേഹം പറഞ്ഞു.
കണ്ട ആദ്യ നിമിഷം തന്നെ താരത്തിന്റെ കഴിവ് തനിക്ക് ബോധ്യപ്പെട്ടതായും ടെൻ ഹാഗ് പറഞ്ഞു. പിഎസ്ജിയിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച വാർത്തകൾ ചൂണ്ടിക്കാണിപ്പോൾ റഷ്ഫോർഡ് തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “യുനൈറ്റഡ് തന്നെ ആണ് അദ്ദേഹത്തിന്റെ വളർച്ചക്കുള്ള ഏറ്റവും മികച്ച ടീം എന്ന് ഞങ്ങൾക്ക് കാണിച്ചു കൊടുക്കാൻ കഴിയും, ടീമിലെ സാഹചര്യം ആ തരത്തിൽ ആണ്, എന്നാൽ തീരുമാനം എടുക്കേണ്ടത് താരമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി, റഷ്ഫോർഡിനെ ഫ്രഞ്ച് ടീം നോട്ടമിടുന്നതായുള്ള സൂചനകൾ നൽകിയിരുന്നു. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. എന്നാൽ ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള അവകാശം യുണൈറ്റഡിന്റെ പക്കൽ ഉണ്ട്.