മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാൻ വേതനത്തിൽ കുറവ് വരുത്തി മാറ്റ

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് താരം ഹുവാൻ മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തന്റെ കരാർ പുതുക്കിയത്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം രണ്ടു വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ലഭിക്കാൻ വേണ്ടി മാറ്റ തന്റെ വേതനത്തിൽ കുറവ് വരുത്താൻ തയ്യാറായി എന്നതാണ്.

2014 ജനുവരിയിൽ ചെൽസിയിൽ നിന്നുമാണ് ഹുവാൻ മാറ്റ 37 മില്യൻ തുകക്ക് അഞ്ചു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഏകദേശം 180,000 പൗണ്ട് തുകയായിരുന്നു മാറ്റയുടെ ഒരാഴ്ചയിലെ വേതനം. അതിൽ നിന്നും ഏകദേശം 45,000 തുക കുറച്ചു 135,000 പൗണ്ട് തുകയാണ് പുതിയ കരാർ പ്രകാരം മാറ്റക്ക് വേതനമായി ലഭിക്കുക. നിലവിലെ കരാർ പ്രകാരം മാറ്റ 2021 വരെ ഓൾഡ് ട്രാഫോഡിൽ തുടരും.

2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന മാറ്റ ഇതുവരെ യൂണിറ്റഡിനായി 218 മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും 45 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിൽ അവസരം കുറഞ്ഞു വന്നു മാറ്റ ടീം വിടുമെന്ന വാർത്തകൾ വന്നതിനിടക്കാണ് പുതിയ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.