മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ മനോഭാവത്തിൽ അവസാന രണ്ടു വർഷം കൊണ്ട് വലിയ മാറ്റങ്ങൾ തന്നെ വന്നു എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക അത്ര എളുപ്പമല്ല എന്നും ഈ ക്ലബിൽ കളിക്കുക ഒരു പ്രിവിലേജ് ആണെന്നും താരങ്ങൾക്ക് അറിയാം എന്ന് ഒലെ പറയുന്നു. അവസാന രണ്ടു വർഷം കൊണ്ട് ഈ യുവ സ്ക്വാഡിന് രണ്ട് വയസ്സ് കൂടി. ഒപ്പം വലിയ താരങ്ങൾ സ്ക്വാഡിൽ എത്തുക കൂടെ ചെയ്തതോടെ എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടായി എന്ന് ഒലെ പറയുന്നു.
മാഞ്ചസ്റ്ററിൽ ഇപ്പോൾ എല്ലാ പൊസിഷനിലും മത്സരങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ വെറുതെ കളത്തിൽ ഇറങ്ങി കളിക്കുന്നത് പോലെ അഭിനയിച്ച് ആർക്കും ടീമിൽ നിൽക്കാൻ ആവില്ല എന്നും ഒലെ പറയുന്നു. ടീമിന് നല്ല സംഭാവന ചെയ്താൽ മാത്രമെ ടീമിൽ തുടരാൻ ആർക്കായാലും കഴിയുകയുള്ളൂ. മാറ്റയെയും മാറ്റിചിനെയും പോലുള്ള താരങ്ങൾ ആദ്യ ഇലവനിൽ സ്ഥിരം അല്ലാ എങ്കിലും ടീമിനെ സ്വാധീനിക്കുന്നതിലും ബാക്കിയുള്ള താരങ്ങൾക്ക് വിജയിക്കാനുള്ള മനോഭാവം സൃഷ്ടിക്കുന്നതിലും അവർക്ക് വലിയ പങ്കുണ്ട് എന്നും ഒലെ പറയുന്നു. ഇത്തവണ സ്ഥിരം ഒരു ഇലവൻ ഉണ്ടാവില്ല എന്നും 25-26 അംഗങ്ങളുള്ള സ്ക്വാഡാണ് യുണൈറ്റഡിനായി പോരാടുന്നത് എന്നും ഒലെ പറഞ്ഞു.