പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരികെയെത്തി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ഇന്ന് വോൾവ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടി. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് 2 മത്സരങ്ങൾ ജയിച്ചാൽ യുണൈറ്റഡിന് ടോപ് 4 ഉറപ്പിക്കാം.
ഇന്ന് റാഷ്ഫോർഡ് ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവസാന മത്സരങ്ങളിൽ എന്ന പോലെ യുണൈറ്റഡ് ഗോളടിക്കാൻ കഷ്ടപ്പെട്ടു. ഒരു ക്ലിയർ ഹെഡർ കിട്ടിയിട്ടും ബ്രസീലിയൻ താരം ആന്റണിക്ക് യുണൈറ്റഡിനെ മുന്നിൽ എത്തിക്കാൻ ആയില്ല. അവസാനം മാർഷ്യൽ യുണൈറ്റഡിന്റെ രക്ഷക്ക് എത്തി.
മത്സരത്തിന്റെ 32ആം മിനുട്ടിൽ ആന്റണി നൽകിയ പാസിൽ നിന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തെത്തിച്ച് മാർഷ്യൽ യുണൈറ്റഡിന് ലീഡ് നൽകി. സ്കോർ1-0. രണ്ടാം പകുതിയിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കാൻ നോക്കി എങ്കിലും ഫലം കണ്ടില്ല. സാഞ്ചോക്ക് ആയിരുന്നു രണ്ടാം ഗോൾ നേടാൻ ഏറ്റവും നല്ല അവസരം കിട്ടിയത്. 73ആം മിനുട്ടിലെ താരത്തിന്റെ ഷോട്ട് പക്ഷെ ബെന്റ്ലി തടഞ്ഞു. കസെമിറോയുടെ 83ആം മിനുട്ടിലെ ഷോട്ടും ബെന്റ്ലി തടഞ്ഞു. 90ആം മിനുട്ടിൽ ആന്റണിയുടെ ഷോട്ടും ബെന്റ്ലി മനോഹരമായി തടഞ്ഞിട്ടു.
പക്ഷെ പരിക്ക് മാറി എത്തിയ ഗർനാചോ 95ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഒരു കൗണ്ടർ അറ്റാക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് ഗർനാചോയെ കണ്ടെത്തി. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തയട്ടിയെങ്കിലും വലക്ക് അകത്തേക്ക് തന്നെ കയറി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 66 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുന്നു. മൂന്നാമത് ഉള്ള ന്യൂകാസിലിനും 66 പോയിന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോൾഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് യുണൈറ്റഡിന് ലീഗിൽ ഉള്ളത്. ഇന്ന് പരാജയപ്പെട്ട വോൾവ്സ് 40 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുന്നു.