മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇരോ ദിവസം ഇതിനേക്കാൾ മോശം എന്തു സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്ന യുണൈറ്റഡ് ആരാധകരെ വീണ്ടും താഴോട്ടേക്ക് വലിച്ച് യുണൈറ്റഡ് ഒരു വലിയ പരാജയം കൂടെ വഴങ്ങിയിരിക്കുകയാണ്. ഇന്ന് ലണ്ടണിൽ ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്.
പരിക്ക് കാരണം പ്രമുഖരില്ല എന്ന വാദം ടെൻ ഹാഗിന്റെ കയ്യിൽ ഉണ്ടാകുമെങ്കിലും കളിക്കുന്നത് 11 പേർ തമ്മിൽ തന്നെയാണെന്നത് യുണൈറ്റഡിന് നിഷേധിക്കാൻ ആകില്ല. ഇന്ന് ഒരു ഘട്ടത്തിൽ പോലും യുണൈറ്റഡ് കളിയിൽ ഉള്ളതായി തോന്നിപ്പിച്ചില്ല. തുടക്കം മുതൽ പാലസിന്റെ മികച്ച പ്രകടനമാണ് കണ്ടത്. ഒനാനയുടെ മികവ് ഒന്ന് കൊണ്ട് മാത്രം ഗോൾ എണ്ണം കുറഞ്ഞു.
12ആം മിനുട്ടിൽ കസെമിറോയെ നിലത്തു വീഴ്ത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഒലിസെ ആണ് പാലസിനായി ആദ്യ ഗോൾ നേടിയത്. 40ആം മിനുട്ടിൽ ഒരു ഗംഭീര ഫിനിഷിലൂടെ മറ്റേറ്റ പാലസിന്റെ ലീഡ് ഇരട്ടിയാക്കി.
മിച്ചൽ ആണ് 58ആം മിനുട്ടിൽ മൂന്നാം ഗോൾ നേടിയത്. 66ആം മിനുട്ടിൽ ഒലിസെ തന്റെ രണ്ടാം ഗോൾ കൂടെ കണ്ടെത്തിയതോടെ യുണൈറ്റഡ് കളി കൈവിട്ടു. പ്രീമിയർ ലീഗിൽ അവസാന 7 മത്സരങ്ങളിൽ യുണൈറ്റഡ് ആകെ ഒരു മത്സരം ആണ് വിജയിച്ചത്. 54 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ എട്ടാം സ്ഥാനത്താണ് ഉള്ളത്. യുണൈറ്റഡിന്റെ യൂറോപ്യൻ പ്രതീക്ഷകൾ കൂടെ ആണ് ഈ പരാജയത്തോടെ അസ്തമിക്കുന്നത്.