ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ബൗണ്മതിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിക്കുകയും ഒപ്പം ലിവർപൂൾ ആസ്റ്റൺ വില്ലയോടെ സമനില വഴങ്ങുകയും ചെയ്തതോടെയാണ് റെഡ് ഡെവിൾസ് ടോപ് 4ന് അടുത്തത്. ഇനി രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മതി യുണൈറ്റഡിന് ടോപ് 4 ഉറപ്പിക്കാൻ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ വിജയം.
ഇന്ന് ബോണ്മതിനെതിരെ റാഷ്ഫോർഡ് ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. എങ്കിലും നല്ല തുടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചു. 9ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഒരു ബൈസൈക്കിൾ കിക്കിലൂടെ കസെമിറോ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. എറിക്സൺ നൽകിയ ക്രോസ് തടയാൻ ബൗണ്മത് ഡിഫൻസ് ശ്രമിച്ചു എങ്കിലും പന്ത് കസെമിറോയിലേക്ക് തന്നെ എത്തി. ആക്രൊബാറ്റിക് ഫിനിഷിലൂടെ കസെമിറോ കിക്ക് വലയിൽ എത്തിച്ചു.
ഇതിനു ശേഷം ബൗണ്മത് കളിയിലേക്ക് തിരികെവരാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡി ഹിയയുടെ രണ്ട് നല്ല സേവുകൾ യുണൈറ്റഡിന്റെ ലീഡ് നിലനിർത്തി. മറുവശത്ത് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. നെറ്റോയുടെ നല്ല സേവുകൾ കാണാൻ ആയി. 83ആം മിനുട്ടിൽ കീഫ് മോറിന്റെ ഷോട്ട് വൺ ഓൺ വണിൽ തടഞ്ഞ് ഡി ഹിയ വീണ്ടും യുണൈറ്റഡ് രക്ഷകനായി. തുടർന്ന മിഡ്ഫീൽഡ് താരങ്ങളെ സബ് ചെയ്ത് കളത്തിൽ എത്തിച്ച് ടെൻ ഹാഗ് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 36 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ന് മറ്റൊരു മത്സരത്തിൽ ലിവർപൂൾ ആസ്റ്റൺ വില്ലയോട് സമനില നേടിയതോടെ 66 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. ലിവർപൂളിന് ഇനി ഒരു മത്സരം മാത്രമെ ബാക്കിയുള്ളൂ.