ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മികച്ച പ്രകടനം തുടരുകയാണ്. ഇന്ന് അവർ ലീഗിൽ ബൗണ്മതിനെയും പരാജയപ്പെടുത്തി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡിന്റെ വിജയം. കസെമിറോയും ലൂക് ഷോയും റാഷ്ഫോർഡും ആണ് യുണൈറ്റഡിന്റെ ഗോൾ സ്കോറേഴ്സ്.
ബൗണ്മതിന് എതിരെ ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അവസാന മത്സരങ്ങളിൽ കണ്ട താളം യുണൈറ്റഡിന് ഇന്ന് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. നിരവധി മിസ് പാസുകൾ പിറക്കുന്നതും ആദ്യ പകുതിയിൽ കാണാൻ ആയി. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ കണ്ടെത്തി. എറിക്സൺ എടുത്ത ഫ്രീകിക്ക് കസെമിറോ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ബ്രസീലിയൻ താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള രണ്ടാം ഗോളായിരുന്നു ഇത്.
ആദ്യ പകുതിയിൽ വേറെ നല്ല അവസരങ്ങൾ ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ചില്ല. ആദ്യ പകുതിയുടെ അവസാനം യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു. വാൻ ഡെ ബീകിന് പകരം എത്തിയ ഗർനാചോ ആണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഈ ഗോൾ. ലൂക് ഷോ ആരംഭിച്ച അറ്റാക്ക് ബ്രൂണോയിൽ എത്തി. ബ്രൂണോ പെനാൾട്ടി ബോക്സിൽ വെച്ച് ഗർനാചീക്ക് നൽകി. ഗർനാചോയുടെ കട്ട് ബാക്ക് ലൂക് ഷോയെ അദ്ദേഹം തന്റെ സീസണിലെ ആദ്യ ഗോൾ നേടുകയും ചെയ്തു. സ്കോർ 2-0.
ഇതിനു ശേഷം ഡി ഹിയയുടെ രണ്ട് നല്ല സേവുകൾ കളി 2-0ൽ തന്നെ നിർത്താൻ യുണൈറ്റഡിനെ സഹായിച്ചു. മറുവശത്ത് ഗർനാചോ രണ്ട് തവണ ഗോളിന് അടുത്തെത്തി. ഒരു തവണ ഗർനാചോയുടെ ഷോട്ട് പോസ്റ്റിന് തട്ടിയാണ് പുറത്ത് പോയത്.
അവസാനം 86ആം മിനുട്ടിൽ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ലൂക് ഷോ നൽകിയ ലോങ് പാസ് സ്വീകരിച്ച് ബ്രൂണോ നൽകിയ പാസ് അനായാസം റാഷ്ഫോർഡ് വലയിൽ എത്തിച്ചു. താരത്തിന്റെ ലീഗിലെ ഏഴാം ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റിൽ എത്തി.
ബൗണ്മതിന് 18 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് ആണുള്ളത്.