ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം ആണ്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ലീഗിൽ ഒന്നാമത് നിൽക്കുന്ന ആഴ്സണലും ടെൻ ഹാഗിന് കീഴിൽ ഫോമിലേക്ക് തിരികെയെത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നേർക്കുനേർ വരുന്ന രാത്രി. ലീഗിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചും ജയിച്ചു നൽക്കുന്ന ആഴ്സണൽ അവരുടെ എക്കാലത്തെയും മികച്ച തുടക്കം ലീഗിൽ ആസ്വദിക്കുകയാണ്
അർട്ടേറ്റയുടെ കീഴിൽ അവസാന വർഷങ്ങളിൽ ഒഴിച്ച വെള്ളവും വളവും എല്ലാം കായ്ക്കുന്ന സീസണായാണ് ആഴ്സണൽ ആരാധകർ ഈ സീസണെ കാണുന്നത്. ഇപ്പോൾ ആരെയും തോൽപ്പിക്കാൻ ആകുന്ന മിന്നുന്ന ഫോമിലാണ് ആഴ്സണൽ. ഗബ്രിയേൽ ജീസുസും ഒഡെഗാർഡും എല്ലാം മികച്ച ഫോമിൽ ആണ് എന്നതും ആഴ്സണലിന്റെ ശക്തി കൂട്ടുന്നു.
മറുവശത്ത് ഹോം ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു എങ്കിലും അവസാന മൂന്ന് മത്സരങ്ങൾ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ ഒരു ടീമായി മാറുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ട്. തുടർച്ചയായ രണ്ട് ക്ലീൻ ഷീറ്റുകൾ അവരുടെ ഡിഫൻസിന്റെ ശക്തി കാണിക്കുന്നു. ലിസാൻഡ്രോ മാർട്ടിനസും വരാനെയും തമ്മിലുള്ള ഡിഫൻസീവ് കൂട്ടുകെട്ട് യുണൈറ്റഡിന്റെ ഏറെ കാലമായുള്ള ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്.
അറ്റാക്കിൽ ഗോൾ അടിക്കാൻ ഒരു സ്ട്രൈക്കർ ഇല്ല എന്നത് യുണൈറ്റഡിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇന്ന് അവർ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കുമോ എന്ന് കണ്ടറിയണം. പരിക്ക് കാരണം ഇന്നും മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇലവനിൽ ഉണ്ടാകില്ല. പുതിയ സൈനിംഗ് ആന്റണി ഇന്ന് അരങ്ങേറ്റം നടത്തിയേക്കും.
ഇന്ന് രാത്രി 9 മണിക്കാണ് മത്സരം. കളി തത്സമയം ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.