തിരിച്ചുവരവിന്റെ രാജാക്കന്മാർ!! വില്ലാപാർക്കിലും വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം

Img 20210509 201137
- Advertisement -

പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ക്ലാസിക് കം ബാക്ക് കണ്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ഇന്ന് വില്ല പാർക്കിൽ ശക്തമായ ടീമുമായി തന്നെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗംഭീരമായാണ് തുടങ്ങിയത്. ഒന്നിനു പിറകെ ഒന്നായി യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒന്നും ഗോൾ വലക്ക് അകത്ത് എത്താത്തത് തിരിച്ചടിയായി. മറുവശത്ത് ആസ്റ്റൺ വില്ല ആകട്ടെ അവർക്ക് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ ലീഡ് എടുക്കുകയും ചെയ്തു.

24ആം മിനുട്ടിൽ ട്രയോരെയുടെ വക ആയിരുന്നു ആസ്റ്റൺ വില്ലയുടെ ഗോൾ. അസാധ്യമെന്നു തോന്നുന്ന ഒരു ആങ്കിളിൽ നിന്ന് ഒരു ലോകോത്തര ഫിനിഷിലൂടെ ആയിരുന്നു ട്രയോരെ വില്ലയെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ഈ ഗോളിന് മറുപടി പറയാൻ യുണൈറ്റഡിനായില്ല. എന്നാൽ രണ്ടാം പകുതിയിൽ സമനില കണ്ടെത്താൻ യുണൈറ്റഡിന് അധിക സമയം വേണ്ടിവന്നില്ല. 52ആം മിനുട്ടിൽ പോഗ്ബ നേടി തന്ന പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് മാർട്ടിനെസിനെ എതിർ ദിശയിലേക്ക് പറഞ്ഞയച്ച് വലയിൽ എത്തിച്ചു.

നാലു മിനുട്ടുകൾക്കകം യുണൈറ്റഡ് ലീഡിലും എത്തി. വലതു വിങ്ങിൽ നിന്ന് വാൻ ബിസാക നൽകിയ പാസ് സ്വീകരിച്ച് പെട്ടെന്നുള്ള ടേണിലൂടെ ആസ്റ്റൺ വില്ല ഡിഫൻസിനെ കബളിപ്പിച്ച ഗ്രീൻവുഡ് ഇടം കാലൻ ഗ്രൗണ്ടറിലൂടെ പന്ത് വലയിൽ എത്തിച്ചു. അവസാന പത്തു മത്സരങ്ങൾക്ക് ഇടയിലെ ഗ്രീൻവുഡിന്റെ ഏഴാം ഗോളാണ് ഇത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റൻ മഗ്വയർ പരിക്കേറ്റ് പുറത്ത് പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകി. എങ്കിലും 87ആം മിനുട്ടിലെ കവാനി ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. റാഷ്ഫോർഡിന്റെ ക്രോസിൽ നിന്ന് ഒരു മനോഹരമായ ഹെഡറിലൂടെ കവാനി പന്തിനെ വലയിലേക്ക് നയിക്കുകയായിരുന്നു.

അവസാനം വാറ്റ്കിൻസ് രണ്ടാം മഞ്ഞകാർഡ് കണ്ട് കളം വിടുക കൂടെ ചെയ്തതോടെ ആസ്റ്റൺ വില്ല പോരാട്ടം അവസാനിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. ഇനി ഒരു 3 പോയിന്റ് കൂടെ നേടിയാൽ രണ്ടാം സ്ഥാനവും യുണൈറ്റഡിന് ഉറപ്പിക്കാം. 34 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്. ഈ വിജയം കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് കൂട്ടാനും യുണൈറ്റഡിനായി.

Advertisement