കഴിഞ്ഞ ആഴ്ച സൗതാമ്പ്ടണെതിരെ കണ്ട തിരിച്ചുവരവിന്റെ സന്തോഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മുഖത്ത് നിന്ന് മാറിയിട്ടില്ല. അതിനു മുമ്പ് ഒരു തിരിച്ചുവരവ് കൂടെ ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് തിരിച്ചടിച്ച് വിജയം നേടിയത്.
ബ്രൂണൊ ഫെർണാണ്ടസിനും റാഷ്ഫോർഡിനും വിശ്രമം നൽകി കൊണ്ടാണ് ഒലെ ഇന്ന് ആദ്യ ഇലവനെ ഇറക്കിയത്. എന്നാൽ ആ തീരുമാനം പിഴച്ചു. ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിന്റെ തുടരാക്രമണങ്ങൾ ആണ് കണ്ടത്.ആദ്യ പകുതിയിൽ ഒരു കോർണറിൽ നിന്ന് സൗചകിന്റെ ഹെഡറിലൂടെ ആയിരുന്നു വെസ്റ്റ് ഹാം ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ഒന്നിൽ കൂടുതൽ ഗോളടിക്കാനുള്ള അവസരം ഉണ്ടായിട്ടും അവസരങ്ങൾ തുലച്ചു കളച്ചത് വെസ്റ്റ് ഹാമിന് വിനയായി.
രണ്ടാം പകുതിയിൽ ബ്രൂണൊ ഫെർണാണ്ടസും റാഷ്ഫോർഡും ഗ്രൗണ്ടിൽ എത്തി. പിന്നെ കളി മാറി. 65ആം മിനുട്ടിൽ പോഗ്ബയുടെ ലോകോത്തര സ്ട്രൈക്കിലൂടെ ആണ് യുണൈറ്റഡ് തിരിച്ചടി തുടങ്ങിയത്. ബ്രൂണോ നൽകിയ പാസ് 30 വാരെ അകലെ നിന്ന് അളന്നു കുറിച്ച് ഷോട്ടിൽ പോഗ്ബ വലയിൽ എത്തിച്ചു. പിന്നെ യുണൈറ്റഡ് താണ്ഡവം ആണ് കണ്ടത്.
68ആം മിനുട്ടിൽ യുവതാരം ഗ്രീൻവുഡ് യുണൈറ്റഡിന് ലീഡ് നൽകികൊണ്ട് രണ്ടാം ഗോൾ നേടി. അലക്സ് ടെല്ലെസിന്റെ പാസ് സ്വീകരിച്ച് ഇടം കാല് ഷോട്ടിൽ ഗ്രീൻവുഡ് യുണൈറ്റഡിനായി വല കുലുക്കുക ആയിരുന്നു. അതിനു ശേഷവും യുണൈറ്റഡ് ആക്രമണം തുടർന്നു. 78ആം മിനുട്ടിൽ റാഷ്ഫോർഡ് ഗോൾ എത്തി. മാറ്റയുടെ പാസ് സ്വീകരിച്ച് കുതിച്ച റാഷ്ഫോർഡ് ഫാബിയാൻസ്കിയുടെ മുകളിലൂടെ ചിപ് ചെയ്ത് യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ തുടർച്ചയായ ഒമ്പതാം എവേ വിജയമാണിത്. വിജയത്തോടെ 19 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്താനും യുണൈറ്റഡിനായി. പരാജയം വെസ്റ്റ് ഹാമിനെ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് താഴ്ത്തി.