മാഞ്ചസ്റ്റർ സിറ്റിയെ തടയാൻ ആരുമില്ല, ലീഗിൽ ഒന്നാമത്

മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയ പരമ്പര തുടരുകയാണ്. ഇന്ന് ലീഗിലെ മികച്ച ഡിഫൻസ് എന്ന് പേരെടുത്ത് കൊണ്ടിരിക്കുക ആയിരുന്നു വോൾവ്സും സിറ്റിയിൽ നിന്ന് ഗോളുകൾ വാങ്ങിക്കൂട്ടി. മോളൊനെക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്. ആദ്യ പകുതിയിൽ വോൾവ്സ് താരം കോളിൻസ് ചുവപ്പ് കണ്ടത് സിറ്റിയുടെ വിജയം എളുപ്പമാക്കി.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ സിറ്റി വല കുലുക്കി. ഗോൾ നേടുന്നില്ല എന്ന് വിമർശനം നേരിട്ടു കൊണ്ടിരിക്കുന്ന ഗ്രീലിഷിന്റെ വക ആയിരുന്നു ഗോൾ. ഡിബ്രുയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അധികം താമസിയാതെ ഹാളണ്ടിന്റെ വക രണ്ടാം ഗോൾ വന്നു. 16ആം മിനുട്ടിൽ ഒരു വലം കാൽ സ്ട്രൈക്കിലൂടെ ആണ് ഹാളണ്ട് വല കണ്ടത്. താരത്തിന്റെ സീസണിലെ പതിനാലാം ഗോളാണിത്.

മാഞ്ചസ്റ്റർ സിറ്റി

33ആം മിനുട്ടിൽ ഗ്രീലിഷിനെ ഫൗൾ ചെയ്തതിനാണ് കോളിൻസിന് ചുവപ്പ് കിട്ടിയത്. ഇതിനു ശേഷം സിറ്റി അനായാസം കളിച്ചു. കൂടുതൽ ഗോളടിക്കാനും അവർ കാര്യമായി ശ്രമിച്ചില്ല. എങ്കിലും ഫോഡനിലൂടെ 69ആം മിനുട്ടിൽ അവർ ഒരു ഗോളു കൂടെ നേടി. വീണ്ടും ഒരു ഡിബ്രുയിൻ അസിസ്റ്റ്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തൽക്കാലം 17 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. രണ്ടാമതുള്ള ആഴ്സണലിന് 15 പോയിന്റ് ആണുള്ളത്. അവർ ഒരു മത്സരം കുറവാണ് കളിച്ചത്.