മാഞ്ചസ്റ്റർ സിറ്റി വീണ്ടും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. ഇന്ന് രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടതോടെ ആണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റി ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് പ്രീമിയർ ലീഗ് കിരീടം ഉയർത്തുന്നത്. സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഇതാദ്യമായാണ് ഒരു ടീം തുടർച്ചയായി മൂന്ന് തവണ പ്രീമിയർ ലീഗ് കിരീടം നേടുന്നത്.
ഇന്ന് ആഴ്സണൽ പരാജയപ്പെട്ടതോടെ അവർ 37 മത്സരങ്ങളിൽ നിന്ന് 81 പോയന്റിൽ നിൽക്കുകയാണ്. 85 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം എത്താൻ ഇനി എന്തായാലും ആഴ്സണലിനാകില്ല. സീസണിൽ ഭൂരിഭാഗവും ഒന്നാം സ്ഥാനത്ത് നിന്ന ശേഷമാണ് ആഴ്സണൽ അവസാന ഘട്ടത്തിൽ കിരീടം കൈവിട്ടത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടമാണിത്. പ്രീമിയർ ലീഗിൽ ഇത് അവരുടെ ഏഴാം കിരീടമാണ്. 1936-37, 1967-68,2011-12,2013-14, 2017-18, 2018-19, 2020-21, 2021-22 എന്നീ സീസണുകളിലാണ് മുമ്പ് മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം നേടിയത്.