ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണ് എതിരെ ഇറങ്ങും. എവേ മത്സരത്തിൽ അവസാന കുറച്ച് കാലമായി വിജയിച്ചിട്ടില്ലാത്ത യുണൈറ്റഡ് ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ചത് യുണൈറ്റഡിന് ഊർജ്ജവും ആത്മവിശ്വാസവും നൽകുന്നുണ്ട്. എങ്കിലും ടെൻ ഹാഗിന്റെ ടീമിന് ഇന്ന് കൂടെ വിജയിച്ചാലെ അവർ ശരിയായ പാതയിൽ ആണെന്ന് അടിവരയിടാൻ ആവുകയുള്ളൂ.
മൂന്ന് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 3 പോയിന്റ് ആണ് യുണൈറ്റഡിന് ഉള്ളത്. ഇന്ന് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കുമോ എന്നത് കണ്ടറിയണം. റൊണാൾഡോയും മഗ്വയറും ഇന്നും ബെഞ്ചിൽ ആവാൻ ആണ് സാധ്യത. മാർഷ്യൽ, റാഷ്ഫോർഡ്, സാഞ്ചോ എന്നിവരുടെ അറ്റാക്കിംഗ് ത്രീ ആകും ഇന്ന് ഇറങ്ങുക.
കഴിഞ്ഞ കളിയിൽ തിളങ്ങിയ മലാസിയ, ലിസാൻഡ്രോ എന്നിവർ ആദ്യ ഇലവനിൽ തുടരും. മധ്യനിരയിൽ പുതിയ സൈനിംഗ് ആയ കസെമിറോ ഇറങ്ങുന്നതും ഇന്ന് കാണാൻ ആകും.
മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുള്ള സതാമ്പടൺ ഇപ്പോൾ യുണൈറ്റഡിനേക്കാൾ മുന്നിലാണ്. ലെസ്റ്റർ സിറ്റിയെ ഇതിനകം തോൽപ്പിച്ച സതാമ്പ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തോൽപ്പിക്കാൻ തന്നെയാകും ശ്രമിക്കുക. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.