ഇന്ന് ഇംഗ്ലണ്ടിൽ ഒരു വൻ മത്സരമാണ്. മാഞ്ചസ്റ്ററിലെ രണ്ടു വൻ ശക്തികളും നേർക്കുനേർ വരികയാണ്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പോരാട്ടം സിറ്റി വിജയിക്കുക ആണെങ്കിൽ ഇംഗ്ലണ്ടിലെ കിരീട പോരാട്ടം അവസാനിച്ചെന്ന് കരുതേണ്ടി വരും. ഇപ്പോൾ തന്നെ ഒന്നാം സ്ഥാനത്ത് 14 പോയിന്റിന്റെ ലീഡ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ട്. ഇന്ന് വിജയിച്ചാൽ ആ ലീഡ് 17 പോയിന്റായി ഉയരും.
തുടർച്ചയായി 21 മത്സരങ്ങൾ വിജയിച്ചു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമായിരിക്കില്ല. ഈ സീസണിൽ ലീഗിലെ ബിഗ് 6 ടീമുകൾക്ക് എതിരെ ഒരിക്കൽ പോലും വിജയിക്കാൻ യുണൈറ്റഡിനായിട്ടില്ല. ബിഗ് സിക്സിനെതിരെ ഓപ്പൺ പ്ലേയിൽ ഒരു ഗോൾ പോലും നേടാൻ ഒലെയുടെ ടീമിനായിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ യുണൈറ്റഡിന് പ്രതികൂലമാണ്.
അവസാന മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാത്ത യുണൈറ്റഡ് എങ്ങനെ സിറ്റിയെ മറികടക്കും എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ബ്രൂണൊ ഫെർണാണ്ടസ് തിളങ്ങാതിരുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ പോലും യുണൈറ്റഡിന് ആകുന്നില്ല. സിറ്റി ആണെങ്കിൽ അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ ശക്തർ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു വർഷത്തിനു മുകളിൽ നീണ്ടു നിൽക്കുന്ന എവേ മത്സരങ്ങളിലെ അപരാജിത കുതിപ്പ് തകർക്കുക ആകും മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്നത്തെ ലക്ഷ്യം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.