പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – ലിവർപൂൾ യുദ്ധം ഇന്ന്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഈ സീസണിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ലിവർപൂളും ഇന്ന് എത്തിഹാദിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 1.30നാണ് മത്സരം. ഡിസംബർ മാസത്തിലേറ്റ മൂന്ന് തോൽവിയോടെ ലിവർപൂളിന് പിറകിലായിപ്പോയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 7 പോയിന്റിന്റെ വ്യക്തമായ ലീഡുമായാണ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ലിവർപൂൾ ഇറങ്ങുന്നത്.

അതെ സമയം ഇന്നത്തെ മത്സരത്തിലെ ഒരു സമനില പോലും ലിവർപൂളിന് വിലപ്പെട്ടതാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ലിവർപൂളിന് പ്രീമിയർ ലീഗ് ടേബിളിൽ 9 പോയിന്റിന്റെ ലീഡ് നിലനിർത്താനും കഴിയും. എന്നാൽ എത്തിഹാദിൽ അവർക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനെ 5-1ന് തോല്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ലിവർപൂൾ ഇന്നിറങ്ങുക.

അതെ സമയം ഡിസംബർ മാസത്തിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറി പോയിന്റ് പട്ടികയിൽ ലിവർപൂളിന് പിറകിലാവാൻ ഉറപ്പിച്ചാവും മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങുക. ഡിസംബർ മാസത്തിലെ മോശം ഫോമിനെ തുടർന്ന് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സിറ്റി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റതും അവർക്ക് തിരിച്ചടിയായി. ചെൽസി, ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി എന്നിവരോടായിരുന്നു സിറ്റിയുടെ തോൽവി.

മാഞ്ചസ്റ്റർ സിറ്റി നിരയിൽ പരിക്ക് മാറി ഡി ബ്രൂണെ പരിശീലനം ആരംഭിച്ചെങ്കിലും ഇന്നത്തെ മത്സരത്തിന് ഇറങ്ങുമെന്ന് പരിശീലകൻ ഗ്വാർഡിയോള ഉറപ്പ് പറഞ്ഞിട്ടില്ല. ലിവർപൂൾ നിരയിൽ ജെയിംസ് മിൽനർ ഇന്നത്തെ മത്സരത്തിന് ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.