ഏക ഗോളിൽ ഷെഫീൽഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ഏക ഗോളിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. പ്രതിരോധ താരം കെയ്ൽ വാക്കറിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്നത്. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ടെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ ഷെഫീൽഡ് പ്രതിരോധം അനുവദിച്ചില്ല. ഇന്നത്തെ തോൽവിയോടെ ഷെഫീൽഡ് യുണൈറ്റഡ് സീസണിലെ ആദ്യ ജയത്തിനായുള്ള കാത്തിരുപ്പ് തുടരുകയാണ്.

മത്സരത്തിന്റെ 28ആം മിനുട്ടിലാണ് വാക്കർ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. തുടർന്നും മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻഅവർക്കായില്ല. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഷെഫീൽഡ് ലണ്ട്സ്ട്രമിലൂടെ സമനില ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന് മാഞ്ചസ്റ്റർ സിറ്റി ഗോൾ വല കുലുക്കാനായില്ല. ഗോൾ വലക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുത്ത റാംസ്‌ഡേൽ ആണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് ഷെഫീൽഡിന് തുണയായത്.