മാഞ്ചസ്റ്റർ ഈസ് ബ്ലൂ, ഡെർബിയിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ സിറ്റി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്ക് വേണ്ടി ഡേവിഡ് സിൽവയും സെർജിയോ അഗ്വേറോയും ഗുൻഡോഗനും ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക ഗോൾ പെനാൽറ്റിയിലൂടെ മാർഷ്യലാണ് നേടിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ  ഡേവിഡ് സിൽവയിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടിയത്. സ്റ്റെർലിങ്ങിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബെർണാർഡോ സിൽവ നൽകിയ പാസിൽ നിന്നാണ് സിൽവ ഗോൾ നേടിയത്. തുടർന്നും സിറ്റി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി കുതിച്ച  അഗ്വേറോ മഹ്റസുമായി ചേർന്ന് ഒരു വൺ ടച്ച് പാസ് നടത്തുകയും തുടർന്ന് മികച്ച ഷോട്ടിലൂടെ അഗ്വേറോ ഗോളാക്കുകയുമായിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സൺ വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ച് വന്നു. ലുകാകുവിനെ ഫൗൾ ചെയ്തതിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി എടുത്ത മാർഷ്യൽ ഗോളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സൗത്താംപ്ടണെതിരെയും എഡേഴ്സൻ പെനാൽറ്റി വഴങ്ങിയിരുന്നു.

ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സമനില ഗോളിനായി പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധവും അതിനോടൊപ്പം ആക്രമണവും പുറത്തെടുത്ത് മാഞ്ചസ്റ്റർ സിറ്റി മറികടക്കുകയായിരുന്നു. തുടർന്നാണ് ഗുൻഡോഗന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയമുറപ്പിച്ചത്. ബെർണാർഡോ സിൽവയുടെ പാസ് സ്വീകരിച്ചാണ് ഗുൻഡോഗൻ ഗോൾ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം നിലനിർത്തി. തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയുടെ തമ്മിലുള്ള പോയിന്റ് വ്യത്യാസം 12 പോയിന്റായി.