റൊണാൾഡോക്കുള്ള മറുപടി നൽകാനുള്ള നടപടികൾ തുടങ്ങിയത് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ്

പിയേഴ്‌സ് മോർഗനും ആയി നടത്തിയ അഭിമുഖത്തിൽ ക്ലബിനെ അടച്ച് ആക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറുപടി നൽകാനുള്ള നടപടി ക്രമങ്ങൾ തങ്ങൾ ആരംഭിച്ചത് ആയി വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഔദ്യോഗിക കുറിപ്പിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് നിലപാട് പറഞ്ഞത്. ഇതോടെ റൊണാൾഡോക്ക് എതിരെ ക്ലബ് ഉടൻ തന്നെ നടപടി സ്വീകരിക്കും എന്നു ഉറപ്പായി. ഇതിനായി ക്ലബ് നിയമസഹായം നൽകിയ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു.

ഈ നടപടി ക്രമം പൂർത്തിയാവും വരെ ക്ലബ് റൊണാൾഡോ വിഷയത്തിൽ ഒന്നും പറയില്ലെന്നും കൂട്ടിച്ചേർത്തു. പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനം ഇല്ലെന്നു പറഞ്ഞ റൊണാൾഡോ യുവതാരങ്ങൾക്ക് തന്നോട് ബഹുമാനം ഇല്ലെന്നും കൂട്ടിച്ചേർത്തിരുന്നു. പരിശീലകൻ ടെൻ ഹാഗിനും ഭൂരിഭാഗം താരങ്ങൾക്കും റൊണാൾഡോ യുണൈറ്റഡിൽ തുടരുന്നതിൽ താൽപ്പര്യം ഇല്ലെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ തന്നെ കരാർ റദ്ദാക്കുക പോലുള്ള കടുത്ത നടപടി യുണൈറ്റഡ് എടുക്കുമോ എന്നു കണ്ടറിയാം.