പൂർണവിശ്വാസം! എഡു ഗാസ്പർ ആഴ്‌സണൽ ചരിത്രത്തിലെ ആദ്യ സ്പോർട്ടിങ് ഡയറക്ടർ ആവും

സമീപകാലത്ത് ക്ലബ് ഉണ്ടാക്കിയ പുരോഗതിയിൽ മുഖ്യ പങ്ക് വഹിച്ച ടെക്നിക്കൽ ഡയറക്ടർ എഡു ഗാസ്പറിന് സ്ഥാനക്കയറ്റം നൽകി ആഴ്‌സണൽ. ക്ലബ് ചരിത്രത്തിലെ ആദ്യ സ്പോർട്ടിങ് ഡയറക്ടർ ആയാണ് എഡു നിയമിതനായത്. നേരത്തെ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടെ കരാർ നീട്ടിയ ആഴ്‌സണൽ ക്ലബിന്റെ നടത്തിപ്പിൽ മുൻ താരങ്ങൾക്കുള്ള വിശ്വാസം ആണ് ഈ നീക്കത്തിലൂടെ പ്രകടമാക്കിയത്. നിലവിൽ പുരുഷ,വനിത ടീമുകളുടെ ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എഡു ഇനി മുതൽ അക്കാദമി ചുമതലകൾക്കും മേൽനോട്ടം വഹിക്കും. നേരത്തെ 3 വമ്പൻ യൂറോപ്യൻ ക്ലബുകൾ എഡുവിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുക ആണെന്ന വാർത്തകൾ ഉണ്ടായിരുന്നു.

അക്കാദമി മാനേജർ ആയ മറ്റൊരു മുൻ ആഴ്‌സണൽ ക്യാപ്റ്റൻ പെർ മെറ്റസാക്കറും ആയി ചേർന്നു എഡു ക്ലബിനെ മുന്നോട്ട് നയിക്കും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. 2001 മുതൽ 2005 വരെ നാലു വർഷം ആഴ്‌സണലിൽ കളിച്ച എഡു ബ്രസീലിനു ആയി 15 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞിരുന്നു. 2019 ൽ ബ്രസീൽ ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടർ ചുമതലയിൽ നിന്നാണ് എഡു ആഴ്‌സണൽ ടെക്നിക്കൽ ഡയറക്ടർ ആവുന്നത്. തുടർന്ന് പരിശീലകർക്ക് ഒപ്പം ചേർന്നു വിപ്ലവകരമായ പുരോഗതി ആണ് അദ്ദേഹം പുരുഷ,വനിത ടീമുകളിൽ ഉണ്ടാക്കിയത്. സാക,മാർട്ടിനെല്ലി, സലിബ തുടങ്ങിയ യുവതാരങ്ങളെ പുതിയ ദീർഘകാല കരാറിൽ ക്ലബിൽ നിലനിർത്തുക എന്നതിനു ആവും ഇനി എഡു ആദ്യം ശ്രദ്ധ കൊടുക്കുക.