മാഞ്ചസ്റ്റർ സിറ്റി എളുപ്പം ആഴ്സണലിനെ കിരീടത്തിലേക്ക് അയക്കില്ല എന്ന് ഉറപ്പിച്ചാണ് കളിക്കുന്നത്. ഇന്ന് ഇത്തിഹാദിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് സിറ്റി ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം 5 പോയിന്റാക്കി കുറച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സിറ്റി വിജയിച്ചു കയറിയത്.
മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ജോട മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫ്സൈഡ് ട്രാപ്പ് വെട്ടിച്ചു. ജോട പെനാൾട്ടി ബോക്സ് വരെ കുതിച്ച് അവിടെ നിന്ന് സലാക്ക് പന്ത് കൈമാറി. സലാ ഫസ്റ്റ് ടൈം ഫിനിഷിലൂടെ ഗോളായി മാറ്റി. ലിവർപൂൾ 1-0 സിറ്റി. പക്ഷെ സിറ്റി ആ ഗോളിൽ സമ്മർദ്ദത്തിൽ ആയില്ല. ഫോഡനും ഹാളണ്ടും ഒന്നും ഇല്ലാത്ത സിറ്റി അവരുടെ സ്ഥിരം ശൈലിയിൽ പാസുകളിലൂടെ കളി ബിൽഡ് ചെയ്തു.
27ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ആരംഭിച്ച മനോഹരമായ അറ്റാക്കിന് ഒടുവിൽ ഹൂലിയൻ ആൽവാരസ് സിറ്റിക്ക് സമനില നൽകി. ഗ്രീലിഷിന്റെ പാസ് ആണ് ഗോൾ എളുപ്പമാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡി ബ്രുയിനിലൂടെ സിറ്റി ലീഡ് എടുത്തു. മഹ്റസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
6 മിനുട്ടുകൾക്ക് ശേഷം ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. ആൽവാരസിന്റെ ഒരു ഗോൾ ശ്രമം തടയപ്പെട്ടപ്പോൾ അവസരം കാത്തുനിന്ന ഗുണ്ടോഗൻ അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. സ്കോർ 3-1. അവർ നിർത്തിയില്ല. 74ആം മിനുട്ടിൽ ഡി ബ്ര്യുയിനും ഗ്രീലിഷും ചേർന്ന് നടത്തിയ ഒരു നീക്കത്തിന് ഒടുവിൽ ഗ്രീലിഷ് ഗോൾ നേടി. സ്കോർ 4-1.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 28 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. ലിവർപൂൾ 42 പോയിന്റുമായി ആറാം സ്ഥാനത്തും നിൽക്കുന്നു.