ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ ഉയിർത്തെഴുന്നേപ്പ് തുടരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലെസ്റ്റർ മറികടന്നത്. ജയത്തോടെ തുടർച്ചയായ പരാജയങ്ങളും ആയി ലീഗ് തുടങ്ങിയ ലെസ്റ്റർ 12 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വെസ്റ്റ് ഹാം 16 സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ 5 കളികളിൽ നിന്നു ലെസ്റ്റർ സിറ്റിയുടെ നാലാം ജയം ആണ് ഇത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചതും കൂടുതൽ അവസരങ്ങൾ തുറന്നതും വെസ്റ്റ് ഹാം ആയിരുന്നു എങ്കിലും ജയം ലെസ്റ്റർ സിറ്റി പിടിച്ചെടുക്കുക ആയിരുന്നു. മത്സരത്തിൽ എട്ടാം മിനിറ്റിൽ ഡാകയുടെ പാസിൽ നിന്നു മികച്ച ഇടൻ കാലൻ അടിയിലൂടെ മാഡിസൺ ലെസ്റ്റർ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കം നൽകി.
എന്നാൽ 25 മത്തെ മിനിറ്റിൽ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടി ദിവസങ്ങൾക്ക് ശേഷം മാഡിസൺ പരിക്കേറ്റു പുറത്ത് പോയത് ഇംഗ്ലീഷ് ആരാധകർക്ക് തിരിച്ചടിയായി. 42 മത്തെ മിനിറ്റിൽ ഡാകയെ ഡോവ്സൺ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. എന്നാൽ പെനാൽട്ടി എടുത്ത ടിലമൻസിന്റെ ഷോട്ട് തട്ടിയകറ്റിയ ഫാബിയാൻസ്കി വെസ്റ്റ് ഹാമിനു പ്രതീക്ഷ നൽകി. സമനിലക്ക് ആയി പൊരുതി കളിച്ച വെസ്റ്റ് ഹാമിന്റെ പ്രതീക്ഷകൾ തകർത്തു 78 മത്തെ മിനിറ്റിൽ ലെസ്റ്റർ ജയം ഉറപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ അയോസി പെരസിന്റെ കൃത്യമായ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ഹാർവി ബാർൺസ് ലെസ്റ്റർ ജയം ഉറപ്പിക്കുക ആയിരുന്നു.