പിഴവുകളും ആയി പിക്ഫോർഡ്! പ്രീമിയർ ലീഗിൽ ബോർൺമൗത്തിനോട് തകർന്നടിഞ്ഞു എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗത്തിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങി എവർട്ടൺ. ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദൻ പിക്ഫോർഡിന്റെ പിഴവുകൾ ആണ് എവർട്ടണിനു വിനയായത്. സ്വന്തം മൈതാനത്ത് പന്ത് കൈവശം വക്കുന്നതിൽ പിറകിൽ പോയെങ്കിലും കൂടുതൽ അവസരങ്ങൾ ബോർൺമൗത്ത് ആണ് ഉണ്ടാക്കിയത്. മത്സരത്തിൽ 18 മത്തെ മിനിറ്റിൽ ഡൊമിനിക് സൊളാങ്കിയുടെ ഷോട്ട് കയ്യിൽ ഒതുക്കാൻ പിക്ഫോർഡിന് സാധിക്കാതെ വന്നപ്പോൾ പിറകെ വന്ന മാർകസ് ടാവർണിയർ ചെറീസിന് മുൻതൂക്കം സമ്മാനിച്ചു.

25 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി പിക്ഫോർഡ് പന്ത് കയ്യിൽ ഒതുക്കാൻ ബുദ്ധിമുട്ടി ഇത്തവണ ടാവർണിയറിന്റെ പാസിൽ നിന്നു ഹെഡറിലൂടെ കിഫർ മൂറെ ചെറീസിന് രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ തലക്ക് പരിക്ക് പറ്റിയ ടർകോവ്സ്കി വീണു കിടന്നതിനാൽ കളി നിർത്തിയില്ല എന്ന പരാതി എവർട്ടൺ താരങ്ങൾ ഉന്നയിച്ചു എങ്കിലും റഫറി ഇത് പരിഗണിച്ചില്ല. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ കളത്തിൽ ഇറങ്ങിയ ജെയിഡൺ ആന്തണി ഇറങ്ങിയ ഉടനെ ടീമിന് ആയി ഫ്രീകിക്ക് നേടി നൽകി. തുടർന്ന് ലൂയിസ് കുക്കിന്റെ ഫ്രീകിക്കിൽ നിന്നു മികച്ച ഹെഡറിലൂടെ ഗോൾ നേടിയ ജെയിഡൺ ആന്തണി ബോർൺമൗത്ത് ജയം പൂർത്തിയാക്കി. ജയത്തോടെ ബോർൺമൗത്ത് 13 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ എവർട്ടൺ തരം താഴ്ത്തൽ ഭീഷണിക്ക് അരികിൽ 17 സ്ഥാനത്ത് ആണ്.