സോൾഷ്യാറിനു വേണ്ടി എവിടെയും കളിയ്ക്കാൻ തയ്യാറെന്ന് ലുകാകു

നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗണ്ണാർ സോൾഷ്യാറിനു വേണ്ടി ഏതു പൊസിഷനിലും കളിയ്ക്കാൻ തയ്യാറാണെന്ന് ബെൽജിയൻ താരം റൊമേലു ലുകാകു. 2017ൽ മൗറിഞ്ഞോ ആണ് ലുകാകുവിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത്, എന്നാൽ ഒലെയുടെ ടീമിൽ റാഷ്‌ഫോർഡിനു ആണ് ലുകാകുവിനെക്കാൾ അവസരം ലഭിക്കുന്നത്. ഇതിനിടയിൽ ആണ് ലുകാകു ഇങ്ങനെ ഒരു പ്രസ്താവനയുമായി എത്തിയത്.

ഒലെക്ക് കീഴിൽ മിക്ക മത്സരങ്ങളിലും ബെഞ്ചിൽ ആയിരുന്നു ലുകാകുവിന് സ്ഥാനം, കഴിഞ്ഞ മത്സരത്തിൽ ലിവര്പൂളിനെതിരെ ഗോളിന് മുൻപിൽ ആയിരുന്നു ലുകാകു മത്സരം തുടങ്ങിയത് എങ്കിലും പിന്നീട് വിങ്ങിലേക്ക് സ്ഥാനം മാറിയിരുന്നു. വിങ്ങിൽ നിന്നും മികച്ച ഒരു ഗോളവസരം ഉണ്ടാക്കാനും ലുകാകുവിന് കഴിഞ്ഞിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും ഒലെക്ക് വേണ്ടി എവിടെയും കളിയ്ക്കാൻ തയ്യാറാണ് എന്നാണ് ലുകാകു പറയുന്നത്. “ഇടത് വിങ്ങിലോ, വലത് വിങ്ങിലോ, അല്ലെങ്കിൽ സെന്റർ ഫോർവേഡിലോ എവിടെയും കളിയ്ക്കാൻ ഞാൻ തയ്യാറാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമാണ്, എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും” ലുകാകു പറഞ്ഞു.

റാഷ്‌ഫോർഡിനു പരിക്കേറ്റതിനാൽ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ ലുകാകുവിനായിരിക്കും അവസരം ലഭിക്കുക. “മാനേജറിന് എവിടെ വേണമെങ്കിലും എന്നെ ഉപയോഗിക്കാം, ഞാൻ മികച്ച പ്രകടനം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കും” ലുകാകു കൂട്ടിച്ചേർത്തു.

Previous articleആദ്യമായി ഇന്ത്യയെ നയിക്കുവാനൊരുങ്ങി സ്മൃതി, ടി20 സ്ക്വാ‍ഡ് പ്രഖ്യാപിച്ച് ഇന്ത്യ
Next article“ഗെയ്ൽ ഹീറോയാടാ ഹീറോ” – ഗെയ്‌ലിനെ വാനോളം പുകഴ്ത്തി ഡാരെൻ ബ്രാവോ