ലുകാകുവിന് ഇരട്ട ഗോൾ, പാലസും കീഴടക്കി ഒലെയുടെ മാഞ്ചസ്റ്റർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ 46ആം പിറന്നാൾ സമ്മാനം ഒരു ദിവസം കഴിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ നൽകി. ഇന്ന് ക്രിസ്റ്റൽ പാലസിൽ പരിക്കിന്റെ നീണ്ട നിരയുമായി എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന്റെ വിജയവുമായാണ് മടങ്ങുന്നത്. സ്കോർ പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ക്രിസ്റ്റൽ പാലസിന്റെ ശക്തമായ പോരാട്ടം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നേരിടേണ്ടി വന്നു‌.

പരിക്ക് കാരണം മാറ്റിച്, ഹെരേര, ലിംഗാർഡ്, മാർഷ്യൽ, റാഷ്ഫോർഡ്, മാറ്റ തുടങ്ങി നിരവധി പ്രധാന താരങ്ങൾ ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ പതിവ് താളവും യുണൈറ്റഡിനുണ്ടായില്ല. വിരസമായ ആദ്യ പകുതിയിൽ ഒരു ലൂക്ക് ഷോ ബ്രില്യൻസ് ആണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. ലൂക് ഷോ ഇടതു വിങ്ങിലൂടെ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ബോക്സിൽ വെച്ച് പന്ത് ലുകാകുവിന് നൽകി. ലുകാകു ക്ലിനിക്കൽ ഫിനിഷിലൂടെ ഗോളാക്കി മാറ്റുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് ലുകാകു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി ഉയർത്തി. വാർഡിലൂടെ ക്രിസ്റ്റൽ പാലസ് തിരിച്ചടിച്ചു യുണൈറ്റഡിന് കുറച്ച് നേരം ഭീഷണി മുഴക്കി എങ്കിലും പോഗ്ബയുടെ പാസിൽ നിന്ന് ആഷ്ലി യങ്ങ് നേടിയ ഗോൾ മത്സരം യുണൈറ്റഡിന്റേത് മാത്രമാക്കി മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് 17കാരനായ ജെയിൻസ് ഗാർനർ അരങ്ങേറ്റം നടത്തി.

ഇന്ന് വിജയിച്ചെങ്കിലും ഇപ്പോഴും അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.