ആദ്യം മാനേ മാജിക്, പിന്നെ വാൻ ഡൈക് കരുത്ത്!! വാറ്റ്‌ഫോഡിനെ തകർത്ത് ലിവർപൂൾ

വാറ്റ്ഫോഡിനെതിരെ ലിവർപൂളിന് മികച്ച വിജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾ ആണ് ലിവർപൂൾ വാറ്റ്ഫോഡിന്റെ വലയിൽ നിക്ഷേപിച്ചത്. ആദ്യ പകുതിയിൽ സാഡിയോ മാനേയും രണ്ടാം പകുതിയിൽ വിർജിൽ വാൻ ഡൈകും നേടിയ ഇരട്ട ഗോളുകൾ ആണ് ലിവർപൂളിന് മികച്ച വിജയം സമ്മാനിച്ചത്. മൂന്നു ഗോളുകൾക്ക് വഴി ഒരുക്കിയ അർണോൾഡ് മത്സരത്തിൽ മികച്ചു നിന്നു. വിജയത്തോടെ ലിവർപൂൾ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾ നേടിയിരുന്നു. ഒൻപതാം മിനിറ്റിൽ സാഡിയോ മാനേ ആണ് ലിവർപൂളിന്റെ പട്ടിക തുറന്നത്. 20 ആം മിനിറ്റിൽ അവിശ്വസനീയമായ ഒരു ബാക് ഹീൽ ഫിനിഷിലൂടെ മാനെ ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ വാറ്റ്ഫോഡിനെ ഒരു ഷോട്ട് പോലും എടുക്കാൻ സമ്മതിക്കാതെ പിടിച്ചു നിർത്താൻ ലിവർപൂൾ പ്രതിരോധത്തിന് കഴിഞ്ഞു. ആദ്യ പകുതിയിൽ 2-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ 66ആം മിനിറ്റിൽ ഒറിജിയിലൂടെയാണ് ലിവർപൂൾ മൂന്നാം ഗോൾ നേടിയത്. വാറ്റ്ഫോഡിന് എതിരെ വ്യക്തമായ ആധിപത്യം പുലർത്തി മുന്നേറിയ ലിവർപൂളിന് വേണ്ടി വിർജിൽ വാൻ ഡൈക് 79ആം മിനിറ്റിൽ തന്റെ ആദ്യ ഗോളും ടീമിന്റെ നാലാം ഗോളും കണ്ടെത്തി. മത്സരം അവസാനിക്കുന്നതിനു ഒരു മിനിറ്റ് മുൻപ് 89ആം മിനിറ്റിൽ വീണ്ടും ഗോൾ കണ്ടെത്തി വാൻ ഡൈക് ടീമിന്റെ സ്‌കോർ നില 5-0 എന്നാക്കി മാറ്റി.

വിജയത്തോടെ ലിവർപൂളിന് 28 മത്സരങ്ങളിൽ നിന്നും 69 പോയിന്റായി, 68 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി തൊട്ടു പിന്നിൽ ഉണ്ട്.

Previous articleറയൽ മാഡ്രിഡ് തോറ്റു, ക്ലാസിക്കോയിൽ ബാഴ്‌സലോണ താണ്ഡവം
Next articleലുകാകുവിന് ഇരട്ട ഗോൾ, പാലസും കീഴടക്കി ഒലെയുടെ മാഞ്ചസ്റ്റർ