വാത് വെപ്പ് വിവാദത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റക്ക് എതിരെ ഇംഗ്ലീഷ് എഫ്.എ അന്വേഷണം. കഴിഞ്ഞ സീസണിൽ മാർച്ച് 12 നു നടന്ന ആസ്റ്റൺ വില്ലക്ക് എതിരായ 1-1 നു സമനില ആയ മത്സരത്തിൽ താരം വാങ്ങിയ മഞ്ഞ കാർഡ് ആണ് ഇപ്പോൾ സംശയത്തിൽ ആയിരിക്കുന്നത്. ഈ ദിവസം പക്വറ്റയും റയൽ ബെറ്റിസിൽ കളിക്കുന്ന മറ്റൊരു ബ്രസീലിയൻ താരം ലൂയിസ് ഹെൻറികും മഞ്ഞ കാർഡ് നേടും എന്നു നിരവധി അക്കൗണ്ടുകൾ ബെറ്റ് വെച്ചത് ആണ് സംശയം ഉണ്ടാക്കിയത്.
പക്വറ്റയും ആയി അടുത്ത ബന്ധമുള്ള ഈ അക്കൗണ്ടുകൾ അന്ന് തന്നെ ബെറ്റിങ് കമ്പനി ആയ ബെറ്റ്വെയിൽ തുടങ്ങുകയും വലിയ തുക നിക്ഷേപിച്ചു ഈ കാര്യത്തിൽ ബെറ്റ് വെക്കുകയും ചെയ്തു. ഇരു താരങ്ങളും മഞ്ഞ കാർഡ് വാങ്ങിയാൽ ഏറ്റവും വലിയ തുക ലഭിക്കുന്ന വിധത്തിൽ ആയിരുന്നു ബെറ്റുകൾ. അന്വേഷണത്തിൽ താരം കുറ്റക്കാരൻ ആയി കണ്ടത്തിയാൽ വിലക്ക് അടക്കമുള്ള ശിക്ഷകൾ താരത്തിന് ലഭിക്കും.
നേരത്തെ ബ്രന്റ്ഫോർഡിന്റെ ഇംഗ്ലീഷ് താരം ഐവാൻ ടോണിക്ക് വാത് വെപ്പ് വിവാദം കാരണം 8 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിൽ വാത് വെപ്പ് അനുവദനീയം ആണെങ്കിലും ഫുട്‌ബോൾ താരങ്ങൾ ഫുട്‌ബോളും ആയി ബന്ധമുള്ള ബെറ്റുകൾ വെക്കുന്നതിനു വിലക്ക് ഉണ്ട്. അതേസമയം പക്വറ്റക്ക് ആയി രംഗത്ത് വന്ന മാഞ്ചസ്റ്റർ സിറ്റി താരത്തെ വാങ്ങിക്കുന്ന കാര്യത്തിൽ പിറകോട്ട് പോയത് ആയും റിപ്പോർട്ട് ഉണ്ട്. നേരത്തെ ബ്രസീലിയൻ താരത്തിന് ആയി 70 മില്യണിൽ അധികം തുക മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനു മുന്നിൽ വെച്ചിരുന്നു.