മാഞ്ചസ്റ്റർ സിറ്റിയെ പോലെ ലിവർപൂളും വീഴുമെന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ

Staff Reporter

മാഞ്ചസ്റ്റർ സിറ്റിക്കേറ്റ അപ്രതീക്ഷിത തോൽവി പോലെ ലിവർപൂളും തോൽക്കുമെന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ റോയ് ഹോഡ്‌സൺ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റൽ പാലസ് പരിശീലകന്റെ പ്രതികരണം. ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് കൊണ്ട് അവരെ കിരീടം നേടുന്നതിൽ നിന്ന് തടയാനാവില്ലെന്നും ഹോഡ്‌സൺ പറഞ്ഞു.

ലിവർപൂളിന്റെ നാല് പോയിന്റ് ലീഡ് മാഞ്ചസ്റ്റർ  സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് പ്രശ്നം ഉള്ളതല്ലെന്നും ലീഗിൽ ഇനിയും 20 മത്സരങ്ങൾ ഉണ്ടെന്നും ഹോഡ്‌സൺ ഓർമിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ ക്രിസ്റ്റൽ പാലസ് തോൽപ്പിച്ചത് പോലെ മറ്റൊരു ടീം ലിവർപൂളിനെയും അപ്രതീക്ഷിതമായി തോൽപ്പിക്കുമെന്നും മുൻ ലിവർപൂൾ പരിശീലകൻ കൂടിയായ ഹോഡ്‌സൺ പറഞ്ഞു.

പ്രീമിയർ ലീഗിൽ 18 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 48 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റെർട് സിറ്റിയേക്കാൾ 4  പോയിന്റിന്റെ ലീഡ് ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനുണ്ട്.