പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ബേൺമൗത്തിനെ നേരിടും. സിറ്റിയുമായി രണ്ടു പോയിന്റ് മാത്രം പിറകിൽ ഉള്ള ലിവർപൂളിന് ഇന്ന് ജയിച്ചാൽ താത്കാലികമായെങ്കിലും അവരെ മറികടന്നു ലീഗിൽ ഒന്നാമതാവാൻ കഴിയും.
കഴിഞ്ഞ മത്സരത്തിൽ ബേൺലിയെ പിന്നിൽ നിന്ന് വന്നു മറികടന്നതിന്റെ ആത്മവിശ്വാസത്തിൽ ആണ് ക്ലോപ്പും സംഘവും. പരിക്ക് മൂലം ജോ ഗോമസും ലോവ്‌റെനും ഇല്ലാത്തത് ക്ലോപ്പിന് തലവേദനയാവും. വിർജിൽ വൻ ഡൈകിന്റെ കൂടെ ജോയൽ മാറ്റിപ് ആയിരിക്കും പ്രതിരോധത്തിൽ ഉണ്ടാവുക. സൂപ്പർ താരം സല കൺസിസ്റ്റന്റ് ആവാത്തതും ക്ലോപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമാണ് ബേൺമൗത്ത് ശക്തരായ ലിവർപൂളിനെ നേരിടാൻ ഇരിക്കുന്നത്. പരിക്ക് മൂലം ലൂയിസ് കുകും ഡാൻ ഗോസ്‌ലിംഗും ഇല്ലാത്തത് എഡി ഹോവിനു തിരിച്ചടിയാണ്. 2016ൽ ലിവർപൂളിനെ 3 ഗോളിന് പിന്നിൽ പോയ ശേഷം 4 ഗോളുകൾ തിരിച്ചടിച്ചു പരാജയപ്പെടുത്തിയത് പോലെ ഒരു അട്ടിമറി നടത്താൻ എഡി ഹോവിനും സംഘത്തിനും കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ബേൺമൗത്തിന്റെ ഹോം ഗ്രൗണ്ട് ആയ വിറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്കാണ് കിക്കോഫ്.