8 ഗോൾ ത്രില്ലറിൽ ലിവർപൂളിനോട് സമനില നേടി സെയിന്റ്സ്,ഗോളുമായി ഫർമീനോ ലിവർപൂളിനോട് വിട പറഞ്ഞു

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് 4-4 ന്റെ സമനില വഴങ്ങി സൗതാപ്റ്റൺ. ഇതിനകം തന്നെ തരം താഴ്ത്തൽ ഉറപ്പിച്ച സെയിന്റ്സ് അഭിമാനത്തിന് ആയിരുന്നു ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയത്. അതേസമയം ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായ ലിവർപൂൾ ആ നിരാശയും ആയാണ് കളിക്കാൻ എത്തിയത്. അതേസമയം റോബർട്ടോ ഫർമീനോ, ജംയിസ് മിൽനർ അടക്കമുള്ളവരുടെ ലിവർപൂളിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ പത്താം മിനിറ്റിൽ ഡീഗോ ജോടയിലൂടെ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് 18 മത്തെ മിനിറ്റിൽ ഫബീന്യോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഫർമീനോ തന്റെ വിടവാങ്ങൽ അവിസ്മരണീയം ആക്കി.

ഫർമീനോ

എന്നാൽ അടുത്ത നിമിഷം തന്നെ അൽകാരസിന്റെ പാസിൽ നിന്നു ജെയിംസ് വാർഡ് പ്രോസ് സെയിന്റ്സിന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് കമൽദീനിലൂടെ അവർ ആദ്യ പകുതിയിൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കമൽദീനിലൂടെ സെയിന്റ്സ് മത്സരത്തിൽ മുന്നിലെത്തി. 64 മത്തെ മിനിറ്റിൽ ആദം ആംസ്ട്രോങ് കൂടി ഗോൾ നേടിയതോടെ സെയിന്റ്സ് ജയിക്കും എന്നു പോലും കരുതി. എന്നാൽ 72 മത്തെ മിനിറ്റിൽ അർണോൾഡിന്റെ പാസിൽ നിന്നു കോഡി ഗാക്പോയും, 73 മത്തെ മിനിറ്റിൽ സലാഹിന്റെ പാസിൽ നിന്നു ജോടയും നേടിയ ഗോളുകൾ ലിവർപൂളിന് സമനില നൽകി. ലിവർപൂൾ അഞ്ചാം സ്ഥാനത്ത് ലീഗ് അവസാനിച്ചപ്പോൾ സൗതാപ്റ്റൺ ലീഗിൽ അവസാന സ്ഥാനത്ത് ആയി. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ഫോറസ്റ്റിന് ആയി അവോനിയിയും, പാലസിന് ആയി വിൽ ഹ്യൂസും ഗോളുകൾ നേടി.