ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വലിയ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമൊഅൻ വിജയം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് ലിവർപൂൾ 2-1ന്റെ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 28ആം മിനുട്ടിൽ വാൻ ഡൈക് ചുവപ്പ് കണ്ട് പുറത്തായ ശേഷമാണ് ലിവർപൂൾ പൊരുതി ജയിച്ചത്.
ഇന്ന് മികച്ച രീതിയിൽ ആണ് ന്യൂകാസിൽ തുടങ്ങിയത്. 25ആം മിനുട്ടിൽ ട്രെന്റ് അർനോൾഡിന്റെ ഒരു പിഴവ് മുതലെടുത്ത് കുതിച്ച ആന്റണി ഗോർദൻ അലിസന്റെ കാലുകൾക്ക് ഇടയിലൂടെ പന്ത് വലയിലേക്ക് തൊടുത്തു. സ്കോർ 1-0.
ഈ ഗോൾ വന്നു മൂന്ന് മിനുട്ടുകൾക്ക് ശേഷം ഇസാകിനെ പെനാൾട്ടി ബോക്സിന് തൊട്ടു മുന്നിൽ വീഴ്ത്തിയതിന് ക്യാപ്റ്റൻ വാൻ ഡൈക് ചുവപ്പ് കണ്ടു പുറത്തു പോയി. വാൻ ഡൈകിന്റെ ലിവർപൂൾ കരിയറിലെ ആദ്യ റെഡ് കാർഡാണിത്. പത്തു പേരായി ചുരുങ്ങി എങ്കിലും ലിവർപൂൾ കൂടുതൽ ഗോൾ വഴങ്ങിയില്ല. അലിസന്റെ മികച്ച സേവുകളും ഇതിനു സഹായിച്ചു.
കൂടുതൽ ഗോൾ നേടാൻ പറ്റാതിരുന്നത് ന്യൂകാസിലിന് വിനയായി. സബ്ബായി എത്തിയ നൂനിയസ് 81ആം മിനുട്ടിൽ നിക് പോപിനെ കീഴ്പ്പെടുത്തി ലിവർപൂളിന് സമനില നൽകി. സ്കോർ 1-1. ലിവർപൂൾ പിന്നീട് 10 പേരുമായാണ് കളിക്കുന്നത് എന്ന് ഓർമ്മിപ്പിക്കാത്ത രീതിയിലാണ് കളിച്ചത്.
93ആം മിനുട്ടിൽ ന്യൂകാസിൽ ആരാധകരെ നിശബ്ദരാക്കി കൊണ്ട് നൂനിയസ് വിജയ ഗോളും നേടി. മൊ സലായുടെ പാസ് സ്വീകരിച്ചായിരുന്നു നൂനിയസിന്റെ ഫിനിഷ്. 1-0ൽ നിന്ന് 1-2ലേക്ക്. ഇതിനു ശേഷം ഒരു ഗോൾ തിരിച്ചടിക്കാനുള്ള സമയം ന്യൂകാസിലിന് ഉണ്ടായിരുന്നില്ല.
ഈ വിജയത്തോടെ ലിവർപൂളിന് 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റായി. ന്യൂകാസിലിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്.