ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വലിയ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. രണ്ടാഴ്ച മുമ്പ് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പ്രതിഷേധം കാരണം ഇന്നത്തേക്ക് മാറ്റിയത്. ഇന്നും പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശക്തമായ സുരക്ഷ ആണ് ഓൾഡ്ട്രാഫോർഡിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുക ആണെങ്കിൽ അവർക്ക് ലീഗിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാം. എന്നാൽ പരാജയം ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ ഇല്ലാതാക്കും. ഇപ്പോൾ ലെസ്റ്റർ സിറ്റിക്കും ചെൽസിക്കും ഏറെ ദൂരെയാണ് ലിവർപൂൾ ഉള്ളത്. ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമെ ലിവർപൂളിന് ചെറിയ പ്രതീക്ഷ എങ്കിലും കാത്തു സൂക്ഷിക്കാൻ പറ്റുകയുള്ളൂ.
ലെസ്റ്ററിനെതിരെ പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയതിനാൽ ഇന്ന് ശക്തമായ ലൈനപ്പുമായാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. ലിവർപൂൾ നിരയിൽ ഇന്ന് സെന്റർ ബാക്ക് കബാക് ഉണ്ടാകില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഇത് അവർക്ക് വലിയ പ്രതിസന്ധി തന്ന നൽകിയേക്കും. ഈ സീസണിൽ രണ്ടു തവണ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് ഒരു മത്സരം വിജയിക്കുകയും മറ്റൊരു മത്സരം സമനില ആവുകയുമായിരുന്നു. ഇന്ന് രാത്രി 12.45നാണ് മത്സരം നടക്കുന്നത്.