എവർട്ടണോട് തോറ്റ് ലിവർപൂൾ, കിരീട പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി

Newsroom

കിരീട പ്രതീക്ഷയിൽ നിന്ന് അകന്ന് ലിവർപൂൾ. ഇന്ന് മേഴ്സിസൈഡ് ഡർബിയിൽ പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ കിരീട പ്രതീക്ഷകൾ മങ്ങി‌. ലിവർപൂളിന്റെ ഏറ്റവും വലിയ വൈരികളായ എവർട്ടൺ ആണ് ലിവർപൂളിനെ ഇന്ന് തോൽപ്പിച്ചത്. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എവർട്ടന്റെ വിജയം.

ലിവർപൂൾ 24 04 25 07 14 55 893

തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച എവർട്ടൺ 27ആം മിനിട്ടിലാണ് ലീഡ് എടുത്തത്. ജെറാഡ് ബ്രെത്വൈറ്റിന്റെ സ്ട്രൈക്കിൽ നിന്നായിരുന്നു അവരുടെ ആദ്യ ഗോൾ. ഇതിന് മറുപടി പറയാൻ ലിവർപൂൾ ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ അവർക്ക് അതിനായില്ല. എവർട്ടൺ ആകട്ടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 58ആം മിനിറ്റ് ഒരു കോർണറിൽ നിന്ന് കാൽവെറ്റ് ലൂയിന്റെ ഒരു ഹെഡ്ഡറിലൂടെ എവർട്ടൺ രണ്ടാം ഗോൾ നേടിയതോടെ ലിവർപൂളിന്റെ പ്രതീക്ഷകൾ മങ്ങി. ശേഷം ലിവർപൂളിൻ നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നുപോലും വലയിലേക്ക് എത്തിക്കാൻ അവർക്ക് ആയില്ല.

ഈ പരാജയത്തോടെ ലിവർപൂൾ 34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒന്നാമത് നിൽക്കുന്ന ആഴ്സണലിനെക്കാൾ 3 പോയിന്റ് പിറകിലാണ് അവർ. നാലു മത്സരങ്ങൾ മാത്രമേ ഇനി ലീഗിൽ ബാക്കിയുള്ളൂ.