വീണ്ടും പോയന്റ് നഷ്ടപ്പെടുത്തി ലിവർപൂൾ, സിറ്റിക്ക് ഒന്നാം സ്ഥാനം ഇനി കയ്യെത്തുന്ന ദൂരത്ത്

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടം ഒന്നുകൂടെ ശക്തമായിരിക്കുന്നു. ഇന്ന് ലീഗിൽ നടന്ന നിർണായക പോരിൽ ലിവർപൂൾ വിജയം കൈവിട്ടതാണ് ലീഗ് പോരാട്ടം സജീവമാക്കിയത്. വെസ്റ്റ് ഹാമിനെ എവേ മത്സരത്തിൽ നേരിട്ട ലിവർപൂൾ 1-1ന്റെ സമനിലയാണ് ഇന്ന് വഴങ്ങിയത്. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടും ലിവർപൂൾ സമനില വഴങ്ങിയിരുന്നു.

കളിയിൽ ഒരു ഓഫ് സൈഡ് ഗോളിൽ ആയിരുന്നു ലിവർപൂൾ ലീഡ് എടുത്തത്. മിൽനറിന്റെ ക്രോസിൽ നിന്ന് മാനെ ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. ആ ഗോളിന്റെ ബിൽഡ് അപ്പിൽ പാസ് സ്വീകരിക്കുമ്പോൾ മിൽനർ ഓഫ് സൈഡിലായിരുന്നു. പക്ഷെ ലൈൻ റഫറി കണ്ടില്ല. ലിവർപൂളിന്റെ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ വെസ്റ്റ് ഹാമിനായി.

അന്റോണിയോ ആയിരുന്നു മികച്ചൊരു ഫിനിഷിലൂടെ അലിസണെ കീഴ്പ്പെടുത്തിയത്. ലിവർപൂളിനെതിരെ അന്റോണിയോയുടെ അഞ്ചാം ഗോളായിരുന്നു ഇത്. കളിയിൽ പന്ത് കൈവശം വെച്ചത് ലിവർപൂൾ ആയിരുന്നു എങ്കിലും മികച്ച അവസരങ്ങൾ ഒക്കെ വെസ്റ്റ് ഹാമിനായിരുന്നു ലഭിച്ചത്. ഫിലിപ്പെ ആൻഡേഴ്സണും നോബിളും ഒക്കെ വെസ്റ്റ് ഹാമിനായി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ലിവർപൂൾ നിരയിൽ സലായ്ക്കും ഫർമീനോയ്ക്കും ഒ‌ന്നും തിളങ്ങാനുമായില്ല.

ഇന്നത്തെ സമനില ലിവർപൂളിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് വെറും മൂന്ന് പോയന്റാക്കി. മറ്റന്നാൽ എവർട്ടണെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി വിജയിച്ചാൽ അവർക്ക് താൽക്കാലികമായി ഒന്നാം സ്ഥാനത്ത് എത്താം.

Advertisement