ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ലിവർപൂളിന് ഒരു വലിയ തിരിച്ചടി കൂടെ. ഇന്ന് വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ലിവർപൂൾ വെസ്റ്റ് ഹാമിന് എതിരെ സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് കളി എന്ന് അവസാനിച്ചത്. ഇതോടെ മൂന്നുമത്സരം മാത്രം ശേഷിക്കെ ലിവർപൂൾ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
ഇന്ന് മത്സരത്തിൽ 43ആം മിനിറ്റിൽ ജെറാദ് ബോവനിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോബോട്സൺ ലിവർപൂളിനായി സമനില നൽകി. ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ സമനില ഗോൾ.
65ആം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ ലീഡും നേടി. വിജയത്തിലേക്ക് തിരിച്ചുവന്നു എന്ന് നിനച്ചിരിക്കെ 77 മിനിറ്റിൽ അന്റോണിയോയുടെ വക വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ പിറന്നു. കളി സമനിലയിൽ.
35 മത്സരങ്ങളിൽ നിന്ന് 75 പോയന്റുള്ള ലിവർപൂൾ ഇപ്പോൾ മൂന്നാംസ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂളിനേക്കാൾ രണ്ടു മത്സരങ്ങൾ കുറവ് കളിച്ച സിറ്റിയും ഒരു മത്സരം കുറവ് കളിച്ച ആഴ്സണലും ലിവർപൂളിന്റെ മുന്നിലാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ലിവർപൂൾ കിരീടം നേടണമെങ്കിൽ വലിയ അത്ഭുതങ്ങൾ നടക്കേണ്ടി വരും.