ബ്രെന്റ്ഫോർഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് വിജയിക്കുക ഏത് വമ്പന്മാർക്കും എളുപ്പമല്ല. ഇന്ന് ലിവർപൂൾ ആണ് ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് നിരാശയുമായി മടങ്ങിയത്. പ്രീമിയർ ലീഗിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തി. ലിവർപൂളിന്റെ ടോപ് 4 പോരാട്ടങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം.
ഇന്ന് ബ്രെന്റ്ഫോർഡിൽ നിന്ന് മികച്ച ഒരു ആദ്യ പകുതി ആണ് കാണാൻ ആയത്. അവർ ആദ്യ പകുതിയിൽ നാലു തവണ ലിവർപൂൾ വല കുലുക്കി. ഇതിൽ രണ്ട് ഗോളുകൾ നേരിയ വ്യത്യാസത്തിനാണ് ഓഫ്സൈഡ് ആയത്. 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ബീസിന് ലീഡ് നൽകിയത്. ഒരു കോർണറിൽ നിന്ന് കൊനാറ്റെയാണ് സ്വന്തം പോസ്റ്റിലേക്ക് പന്ത് എത്തിച്ചത്.
42ആം മിനുട്ടിൽ യോനെ വിസ്സയുടെ ഒരു ഹെഡർ ബ്രെന്റ്ഫോർഡിന്റെ ലീഡ് ഇരട്ടിയാക്കി. ഹെൻസൺ ആയിരുന്നു ആ ക്രോസ് നൽകിയത്. ഈ ഗോളുകളുടെ മികവിൽ ആദ്യ പകുതി അവർ 2-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നൂനിയസ് ഒരു ഗോൾ കണ്ടെത്തി. പക്ഷെ വാർ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. ഇതിനു പിന്നാലെ ഓക്സ് ചേമ്പർലെനിലൂടെ ലിവർപൂൾ ഒരു ഗോൾ നടക്കി. ട്രെന്റ് അർനോൾഡ് നൽകൊയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഗോൾ. സ്കോർ 2-1.
പിന്നെ ലിവർപൂൾ സമനില ഗോളിനായി ശ്രമിച്ചു. 84ആം മിനുട്ടിൽ എംബോമോയിലൂടെ ബ്രെന്റ്ഫോർഡിന്റെ മൂന്നാം ഗോൾ വന്നു. കൊണാറ്റെയുടെ പിഴവ് ഈ ഗോളിന് വലിയ കാരണമായി. സ്കോർ 3-1. പിന്നെ ലിവർപൂളിന് ഒരു തിരിച്ചുവരവ് ഉണ്ടായില്ല.
17 മത്സരങ്ങളിൽ 28 പോയിന്റുമായി ലിവർപൂൾ ആറാം സ്ഥാനത്ത് നിൽക്കുന്നു. 26 പോയിന്റുള്ള ബ്രെന്റ്ഫോർഡ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി.