പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയ പരമ്പര തുടരുന്നു. ഇന്ന് ലെസ്റ്റർ സിറ്റിയെ കീഴടക്കിയതോടെ നാലിൽ നാലു വിജയവുമായി ടേബിളിലെ ഒന്നാം സ്ഥാനം ലിവർപൂർ ഉറപ്പിച്ചു. ഇന്ന് ലെസ്റ്ററിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് ലിവർപൂളിന് മൂന്ന് പോയന്റ് നൽകിയത്.
നാബി കേറ്റയ്ക്ക് പകരം ഹെൻഡേഴ്സണെ മിഡ്ഫീൽഡിൽ ഇറക്കിയാണ് ക്ലോപ്പ് ഇന്ന് തുടങ്ങിയത്. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. റോബേർട്സന്റെ ഡിഫ്ലക്റ്റഡ് ക്രോസിൽ നിന്ന് മാനെയാണ് ആദ്യ ഗോൾ നേടിയത്. മാനെയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ തന്നെ മിൽനറിന്റെ കോർണറിൽ നിന്ന് ഒരു ഫ്രീ ഹെഡറിലൂടെ ഫർമിനോ ലിവർപൂളിന്റെ രണ്ടാം ഗോളും നേടി. ഫർമിനോയുടെ ഈ സീസണിലെ ആദ്യ ഗോളാണ് ഇത്.
രണ്ടാം പകുതിയിൽ അലിസണ് പറ്റിയ അബദ്ധമാണ് ലെസ്റ്ററിനെ കളിയിലേക്ക് തിരിച്ചുകൊണ്ട് വന്നത്. അലിസന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട ബോൾ ഗെസൽ വലയിലേക്ക് എത്തിക്കുകയായിരുന്നു. ലിവർപൂൾ ഈ സീസണിൽ വഴങ്ങിയ ഏക ഗോളായിരുന്നു ഇത്. 1990ന് ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ ലീഗിലെ ആദ്യ നാലു മത്സരങ്ങളും ജയിക്കുന്നത്.