ലിവർപൂളിനു മുന്നിൽ നാണംകെട്ട് ചെൽസി. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. ലിവർപൂളിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ ചെൽസിക്ക് പിടിച്ചുനിൽക്കാനായില്ല. ക്ലോപ്പ് ലിവർപൂൾ വിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആൻഫീൽഡിലെ ആദ്യ മത്സരം ആയിരുന്നു ഇന്നലെ കഴിഞ്ഞത്. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി.
23ആം മിനുട്ടിൽ ജോട ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. ഇത് കഴിഞ്ഞ് 39ആം മിനിട്ടിൽ യുവതാരം കോർണർ ബ്രാഡ്‌ലി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൽറ്റിയിലൂടെ ലിവർപൂളിന് മൂന്നാം ഗോൾ നേടാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഡാർവിൻ നൂനിയസിന്റെ പെനാൾട്ടി ലക്ഷ്യത്തിലെത്തിയില്ല.
രണ്ടാം പകുതിയിലും ലിവർപൂൾ അറ്റാക്ക് തുടർന്നു തുടക്കത്തിൽ തന്നെ സബസ്ലായിയിലൂടെ അവർ മൂന്നാം ഗോൾ നേടി. പരിക്കു മാറിയെത്തിയ എങ്കുങ്കു ഒരു ഗോൾ മടക്കിയെങ്കിലും കാര്യമുണ്ടായില്ല. 79 മിനിറ്റിൽ ലൂയിസ് ഡിയസ് കൂടെ ഗോൾ നേടിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു. 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 31 പോയിന്റ് മാത്രമുള്ള ചെൽസി പത്താം സ്ഥാനത്താണ്.