പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിന് ആവേശ ജയം. സ്വന്തം മൈതാനമായ ആൻഫീൽഡിൽ സ്പർസിനെ ഒന്നിനെതിരെ 2 ഗോളുകൾക് മറികടന്നാണ് ലിവർപൂൾ ജയിച്ചത്. സ്പർസ് ഗോളി ഹ്യുഗോ ലോറിസിന്റെ പിഴവിൽ നിന്ന് ലഭിച്ച സെൽഫ് ഗോളാണ് അവർക് വിജയം സമ്മാനിച്ചത്. ജയത്തോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ അവർക്കായി.
ആദ്യ പകുതിയിലെ ഫിർമിനോയുടെ ഗോളിൽ മുന്നിലെത്തിയ ലിവർപൂൾ വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. പക്ഷെ രണ്ടാം പകുതിയിൽ സ്പർസ് മികച്ച കളി പുറത്തെടുത്തതോടെ ലിവർപൂൾ ശെരിക്കും വിഷമിച്ചു. ലൂക്കാസ് മൊറയിലൂടെ സമനില ഗോൾ കണ്ടെത്തിയ അവർക്ക് പിന്നീടും മികച്ച അവസരങ്ങൾ ലഭിച്ചു. സിസോകോക്ക് ലഭിച്ച അവസരം താരം പാഴാക്കി. സമനില ഉറപ്പിച്ചു നിൽക്കേ സലായുടെ ഹെഡർ ക്ലിയർ ചെയ്യുന്നതിൽ ലോറിസിന് പിഴച്ചപ്പോൾ ഡിഫൻഡർ ആൾഡർവീൽഡിന്റെ കാലിൽ തട്ടി പന്ത് വലയിലായി. ആൻഫീൽഡ് ഇളകി മറിഞ്ഞതോടെ ക്ളോപ്പും സംഘവും ജയവും ഉറപ്പാക്കി.