കിരീടത്തിലേക് ദൂരം കുറച്ച് ലിവർപൂൾ, കാർഡിഫിൽ ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രീമിയർ ലീഗ് ടേബിളിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. കാർഡിഫിനെ എവേ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപിച്ചാണ് ക്ളോപ്പും സംഘവും സിറ്റിക്ക് സമ്മർദ്ദം ഏറ്റുന്ന ജയം നേടിയത്. ജയത്തോടെ ലീഗിൽ 35 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം. ഒരു മത്സരം കുറവ് കളിച്ച സിറ്റി 86 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരും.

എതിരാളികൾ ദുർബലർ ആണെങ്കിലും ശക്തമായ ടീമിനെ തന്നെയാണ് ക്ളോപ്പ് ഇന്ന് ഇറക്കിയത്. പക്ഷെ ആദ്യ പകുതിയിൽ ലിവർപൂൾ ആക്രമണത്തെ നന്നായി പ്രതിരോധിച്ച് കാർഡിഫ് ലിവർപൂൾ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. പക്ഷെ രണ്ടാം പകുതിയിൽ അലക്‌സാണ്ടർ അർണാള്ഡിന്റെ പാസ്സ് ഗോളാക്കി വൈനാൽഡം റെഡ്‌സിനെ മുന്നിലെത്തിച്ചു. പിന്നീട് 81 ആം മിനുട്ടിൽ സലാഹിനെ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെയിംസ് മിൽനർ അവരുടെ ജയം ഉറപ്പാക്കി.

Advertisement