കാർഡിഫിന്റെ കഥ കഴിച്ച് ലിവർപൂൾ, ആൻഫീൽഡിൽ അനായാസ ജയം

- Advertisement -

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആൻഫീൽഡിൽ ലിവർപൂളിന്റെ ശക്തിയെ മറികടക്കാൻ കാർഡിഫിന് ആയില്ല. 4-1 നാണ് ക്ളോപ്പും സംഘവും ജയിച്ചു കയറിയത്. ജയത്തോടെ 26 പോയിന്റുമായി തൽക്കാലത്തേക്ക് അവർ ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് ടോട്ടൻഹാമിന് എതിരായ മത്സരത്തിൽ സിറ്റി ജയിച്ചാൽ ലിവർപൂൾ വീണ്ടും രണ്ടാം സ്ഥാനത്താകും.

മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലിവർപൂളിന് വെല്ലുവിളി ഉയർത്താൻ കാർഡിഫിന് ആയില്ല. കാർഡിഫിന് പന്ത് തൊടാൻ പോലും ലഭിച്ചത് വിരളമായാണ്. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. സലായാണ് ഗോൾ നേടിയത്. പക്ഷെ പിന്നീട് ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിലും ഏതാനും മിനിട്ടുകൾ കാർഡിഫ് പിടിച്ചു നിന്നെങ്കിലും 66 ആം മിനുട്ടിൽ മാനെയുടെ മികച്ച ഗോളിൽ റെഡ്‌സ് ലീഡ് രണ്ടാക്കി. അപ്രതീക്ഷിതമായാണ് കാർഡിഫ് ഗോൾ പിറന്നത്. ലിവർപൂൾ പ്രതിരോധത്തെ തീരെ പരീക്ഷിക്കാതെ നിന്ന അവർ പക്ഷെ പീറ്റേഴ്സണിലൂടെ ഗോൾ മടക്കി. പക്ഷെ വഴങ്ങിയതോടെ ഉണർന്ന ലിവർപൂൾ ആക്രമണ നിര ശകീരി, മാനെ എന്നിവരിലൂടെ സ്കോർ 4- 1 ആക്കി ജയം ഉറപ്പാക്കി.

Advertisement