ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലിവർപൂൾ ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം കിക്കോഫ്.
ചാമ്പ്യൻസ് ലീഗിൽ വലൻസിയയോട് തോറ്റ ചെൽസിക്ക് ഇന്നത്തെ മത്സര ഫലം നിർണായകമാണ്. ലീഗിൽ ഇതുവരെ 2 മത്സരങ്ങൾ മാത്രമാണ് അവർക്ക് ജയിക്കാനായത്. ചാമ്പ്യൻസ് ലീഗിൽ നപോളിയോട് തോറ്റ ലിവർപൂളിന് ഇന്ന് ജയിച്ചു ലീഗിൽ നൂറ് ശതമാനം എന്ന റെക്കോർഡ് നില നിർത്താനാകും ശ്രമം.
യുവ താരങ്ങളുടെ മികച്ച ഫോമാണ് ചെൽസിയുടെ കരുത്ത്. ടാമി അബ്രഹാമിനെ തടയുക എന്നത് ലിവർപൂൾ പ്രതിരോധത്തിന് ഭാരമുള്ള ജോലി തന്നെയാകും. പക്ഷെ മധ്യനിര താരം മൗണ്ടിന്റെ പരിക്ക് അവർക്ക് തിരിച്ചടിയാകും. എങ്കിലും കാന്റെ, എമേഴ്സൻ എന്നിവർ തിരിച്ചെത്തും. ഇരുവർക്കും പരിക്കായിരുന്നു. എങ്കിലും ധാരാളം ഗോളുകൾ വഴങ്ങുന്ന ചെൽസി പ്രതിരോധം സലാഹ്, മാനെ, ഫിർമിനോ എന്നിവരെ എങ്ങിനെ തടയുന്നു എന്നതിന് അനുസരിച്ചിരിക്കും മത്സര ഫലം.