ഇഞ്ചുറി ടൈമിൽ എവർട്ടൻ ഹൃദയം തകർത്ത് ലെസ്റ്റർ, സിൽവയുടെ ഭാവി തുലാസിൽ

- Advertisement -

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ എവർട്ടന്റെയും മാർക്കോസ് സിൽവയുടേയും ഹൃദയം തകർത്ത് ലെസ്റ്റർ സിറ്റി. ഇഞ്ചുറി ടൈം വിജയ ഗോളോടെ കിരീട പോരാട്ടത്തിൽ തങ്ങളും പിറകോട്ട് ഇല്ലെന്ന് ബ്രെണ്ടൻ റോഡ്‌ജേഴ്സിന്റെ ടീം പ്രഖ്യാപിച്ചു. 2-1 നാണ് അവർ ജയിച്ചു കയറിയത്.

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ പന്ത് ഏറെ നേരം കൈവശം വച്ചെങ്കിലും കളിയിൽ ഗോൾ നേടിയത് എവർട്ടനായിരുന്നു. 23 ആം മിനുട്ടിൽ ജിബ്‌രീൽ സിഡിബേയുടെ ക്രോസ് വലയിലാക്കി റിച്ചാർലിസൻ ആണ് മാർക്കോസ് സിൽവക്ക് ആശ്വാസം നൽകി ഗോൾ നേടിയത്. പിന്നീട് ചിൽവെലിനെ വീഴ്ത്തിയതിന് റഫറി ലെസ്റ്ററിന് പെനാൽറ്റി നൽകിയെങ്കിലും VAR തീരുമാനം പിൻവലിച്ചത് എവർട്ടന് ആശ്വാസമായി.

രണ്ടാം പകുതിയിൽ 68 ആം മിനുട്ടിൽ ഇഹെനാചോയുടെ അസിസ്റ്റിൽ വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. സീസണിൽ താരത്തിന്റെ 13 ആം ഗോൾ. പിന്നീടും ഇരു ടീമുകളും അവസരങ്ങൾ ഒരുക്കിയെങ്കിലും ഭാഗ്യം തുണച്ചത് ലെസ്റ്ററിനെ. കളിയുടെ ഇഞ്ചുറി ടൈമിൽ ഇഹെനാചോയുടെ മികച്ച ഫിനിഷിൽ ലെസ്റ്റർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി. VAR ചെക്ക് ചെയ്‌തെങ്കിലും ഗോൾ തന്നെ ഉറപ്പിച്ചു. മാർക്കോസ് സിൽവയുടെ അവസാന പ്രതീക്ഷയും തകർത്ത ഗോൾ. നിലവിലെ സാഹചര്യത്തിൽ സിൽവയെ എവർട്ടൻ പുറത്താക്കാൻ ഇന്നത്തെ തോൽവി കാരണം ആയേക്കും.

Advertisement