ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്ക്. ഇന്ന് ലീഗിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനോട് അവർ 3-1ന് പരാജയപ്പെട്ടു. ഇതോടെ അവർ 37 മത്സരങ്ങൾ കഴിഞ്ഞപ്പോഴും റിലഗേഷൻ സോണിൽ തന്നെ നിൽക്കുകയാണ്. അടുത്ത മത്സരത്തിൽ ലീഡ്സ് സ്പർസിനെ പരാജയപ്പെടുത്തുകയും എവർട്ടൺ ബൗണ്മതിനെതിരെ വിജയിക്കാതിരിക്കുകയും ചെയ്താലെ ലീഡ്സിന് ഇനി പ്രതീക്ഷ ഉള്ളൂ.
ഇന്ന് 17ആം മിനുട്ടിൽ റോഡ്രിഗോയുടെ ഒരു ഗോളിലൂടെ ലീഡ്സ് യുണൈറ്റഡ് ആയിരുന്നു ലീഡ് എടുത്തത്. എന്നാൽ അധികം ആ ലീഡ് നീണ്ടുനിന്നില്ല. 31ആം മിനുട്ടിൽ ഡക്ലൻ റൈസിലൂടെ വെസ്റ്റ് ഹാം സമനില നേടി. രണ്ടാം പകുതിയിൽ ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിന് ലീഡ് നൽകി. ഇത് കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ ലാൻസിനി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നൽകി.
ഈ പരാജയത്തോടെ 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 31 പോയിന്റുമായി ലീഡ്സ് 18ആം സ്ഥാനത്ത് നിൽക്കുകയാണ്. 33 പോയിന്റുള്ള എവർട്ടൺ 17ആം സ്ഥാനത്തും നിൽക്കുന്നു. ഇരു ടീമുകൾക്കും 1 മത്സരം മാത്രമെ ബാക്കിയുള്ളൂ. 30 പോയിന്റുമായി 19ആം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ സിറ്റിക്ക് ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്.